പച്ചപ്പിനെ കൂടെ കൂട്ടി, വനമിത്ര പുരസ്‌കാരം തേടിയെത്തി; അരിക്കുളത്തെ സി. രാഘവനെ ആദരിച്ച് കാര്‍ഷിക കൂട്ടായ്മ


അരിക്കുളം: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2021 ലെ വനമിത്ര പുരസ്‌കാരം നേടിയ സി. രാഘവനെ ആമ്പിലേരി കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ണിനോടും മരങ്ങളോടും പ്രകൃതിയോടും പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് അരിക്കുളം സ്വദേശിയായ സി രാഘവനെ തേടിയെത്തിയത്. ആയുര്‍വേദ ഫാര്‍മസിസ്റ്റ് ആയി വിരമിച്ച സി രാഘവന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി വനവല്‍ക്കരണ രംഗത്ത് സജീവമാണ്.

വിദ്യാലയങ്ങളിലും നാട്ടിന്‍പുറത്തെ ക്ലബ്ബുകളിലും മറ്റും സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ പ്രകൃതിയെയും പരിസ്ഥിതിയെയും സാമൂഹിക ആരോഗ്യത്തെയും കുറിച്ച് മാത്രമല്ല വ്യക്തികളുടെ ആരോഗ്യത്തെയും ഭക്ഷണരീതിയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വളരെയധികം പഠനാര്‍ഹവും രസകരവുമാണ്. സര്‍വീസിലിരിക്കെ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ച 2013 കാലഘട്ടങ്ങളില്‍ തുടക്കം കുറിച്ച ഒരു തൈ നടുമ്പോള്‍ എന്ന പദ്ധതിക്ക് പൊതുസമൂഹത്തില്‍ നിന്നും വലിയ അംഗീകാരമാണ് ലഭിച്ചത്. വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, വായനശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ പദ്ധതി പ്രകാരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

ജോലി ചെയ്ത മുഴുവന്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച് ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ രാഘവന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അരിക്കുളത്തും സമീപ പഞ്ചായത്തുകളിലും നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം, ജന്മദിനം എന്നിങ്ങനെയുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ നടക്കുമ്പോള്‍ അവരുടെ വീടുകളില്‍ എത്തി ഒരു വൃക്ഷത്തൈ സമ്മാനമായി നല്‍കുന്നത് അദ്ദേഹത്തിന്റെ ഒരു പതിവ് രീതി കൂടിയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി നെല്ല്, വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന മുതലായ കൃഷികളില്‍ വ്യാപൃതരായ 62 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ. ആദരിക്കല്‍ ചടങ്ങില്‍ എം രാമാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ ദിനേശന്‍ .വി വി.എം ബഷീര്‍ മാസ്റ്റര്‍, പി.കെ അന്‍സാരി, എം.സുരേന്ദ്രന്‍, കെ.എം നാരായണന്‍, സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു