പകർന്നാട്ടത്തിന്റെ അമരക്കാരൻ, മലയാളത്തിന്റെ വല്യേട്ടന് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ പിറന്നാളാശംസകൾ


ല്യേട്ടനായിരുന്നു, അച്ഛനായിരുന്നു..മകനായിരുന്നു കൂട്ടുകാരനായിരുന്നു…! മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. പകര്‍ന്നാട്ടത്തിന്റെ അമരക്കാരന്‍.

മലയാളത്തിന്റെ വല്യേട്ടനെന്ന പരിവേഷത്തില്‍ നിന്ന് നമ്മുടെ സാംസ്‌കാരിക കേരളത്തിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ ഉത്തരവാദിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുന്ന വ്യക്തി.

രാജമാണിക്യത്തിലെ ബെല്ലാരി രാജ, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചന്‍, പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, പ്രാഞ്ചിയേട്ടന്‍ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങള്‍. മലയാളിയുടെ അടുക്കളയിലും അരങ്ങത്തും ഒരുപോലെ കൂടെ നിന്ന മഹാനടന്‍. കഥാപാത്രങ്ങളുടെ വൈവിധ്യത്തിനപ്പുറം നടന്റെ ഡയലോഗ് ഡെലിവറിക്കും ഭാഷാ വൈദഗ്ധ്യത്തിനും ആസ്വാദകര്‍ എക്കാലവും കൈയടിച്ചു. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും ആരാധകരും താരങ്ങളുമെല്ലാം പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്.

ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം.

1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

 

1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്.

1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്‌കാരങ്ങള്‍.

സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകര്‍ച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

പക്ഷേ, കടന്നുവന്ന അഞ്ചു പതിറ്റാണ്ടുകളോ കഥാപാത്രങ്ങളോ ഒന്നും മമ്മൂട്ടി എന്ന നടന് അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. തീരാമോഹത്തോടെ, താരജാഢയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാന്‍ പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സമകാലികരായ സംവിധായകര്‍ പലയാവര്‍ത്തി സാക്ഷ്യം പറഞ്ഞിട്ടുള്ള കാര്യമാണ്.