‘പകരില്ലെനിക്ക് പകര്‍ത്തില്ല ഞാന്‍’ കോവിഡ് തുരത്താന്‍ വിമുക്തം പദ്ധതിയുമായി ഉള്ള്യേരി പഞ്ചായത്ത്; പ്രവര്‍ത്തനം ഇങ്ങനെ


ഉള്ള്യേരി: ‘പകരില്ലെനിക്ക് പകര്‍ത്തില്ല ഞാന്‍’ എന്ന മുദ്രാവാക്യവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ കോവിഡ് വിമുക്ത ഗ്രാമമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതിയും സന്നദ്ധ പ്രവര്‍ത്തകരും. വിമുക്തം എന്ന പേരിലുള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സന്നദ്ധസേവകരാണ് കര്‍മ്മരംഗത്തുള്ളത്.

കോവിഡിനെതിരെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗൃഹതല ബോധവല്‍ക്കരണം നടത്തുക എന്നതാണ് പദ്ധതിയുടെ മുഖ്യ പ്രവര്‍ത്തനം. പഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളിലും വാര്‍ഡുതല കോവിഡ് പ്രതിരോധ സമിതികള്‍ ഇതിനായി രൂപീകരിച്ചു. എം.സി.സി എന്ന പേരില്‍ പത്ത് വീടുകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മതല പ്രതിരോധ യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

ഓരോ വാര്‍ഡിലും ശരാശരി അന്‍പത് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അന്‍പത് കണ്‍വീനര്‍മാരും അത്രതന്നെ സ്റ്റുഡന്റ് അംബാസിഡര്‍മാരും എണ്ണായിരത്തിലേറെ വരുന്ന വീടുകള്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു.

വീടുകള്‍ കേന്ദ്രീകരിച്ച് ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും ഈ വീട് കോവിഡ് വിമുക്തം എന്നെഴുതിയ പോസ്റ്റര്‍ പതിച്ചും ആരോഗ്യശീലങ്ങളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കലണ്ടറുകള്‍ വിതരണം ചെയ്തും ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സന്നദ്ധസേവകര്‍ നേതൃത്വം കൊടുക്കുന്നത്.

ആശാവര്‍ക്കര്‍മാര്‍, ആര്‍.ആര്‍.ടി.മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് സേനാംഗങ്ങള്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള രണ്ടായിരത്തഞ്ഞൂറോളം പേരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ അതത് സമയത്ത് വിലയിരുത്തിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രസിഡണ്ട് ചെയര്‍മാനായ പഞ്ചായത്ത് തല കോവിഡ് പ്രതിരോധ സമിതി മുന്നില്‍ തന്നെയുണ്ട്.

കേരള സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തോടുകൂടിയായിരുന്നു പദ്ധതിയുടെ ആരംഭം. അതിനുശേഷം വാര്‍ഡുതല കണ്‍വീനര്‍മാര്‍ക്കും മൈക്രോ കണ്‍വീനര്‍മാര്‍ക്കും ഓണ്‍ലൈനായും അല്ലാതെയും പരിശീലനങ്ങള്‍ നല്‍കി.

അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു സംഘം ഇത്തരം പരിശീലനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് മുന്നില്‍ തന്നെയുണ്ട്. ഉള്ളിയേരി പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ആദ്യഘട്ട ഗൃഹതല യോഗങ്ങള്‍ നടന്നു കഴിഞ്ഞു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പി.ടി.എ മീറ്റിംങ്ങുകളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളിലും കോവിഡിനെതിരെയുള്ള സന്ദേശമെത്തിക്കുക എന്ന ലക്ഷ്യം വെച്ച് ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ വൈകിട്ട് 7 മണിക്ക് എല്ലാ വീടുകളിലും ദീപം തെളിയിച്ചു കൊണ്ട് ഒരു കരുതല്‍ പ്രതിജ്ഞയും നടക്കും.

രോഗവ്യാപനത്തോത് കുറയ്ക്കുക, രോഗബാധിതരുള്ള വീടുകളില്‍ പുലര്‍ത്തേണ്ടുന്ന കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുക, കോവിഡാനന്തര അവശതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുക, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.

കേരളത്തില്‍ ആദ്യമായി, ഇത്രയേറെ സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്തി സൂക്ഷ്മതലത്തില്‍ നടപ്പിലാക്കുന്ന വിമുക്തം പദ്ധതി ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.