നോക്കുകൂലി ചോദിച്ചാല്‍ പണി പാളും; പരാതി ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിര ശക്തമായ നടപടിക്കൊരുങ്ങി പോലീസ്


തിരുവന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നോക്കുകൂലിയ്ക്കായി ട്രേഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയതായി സംബന്ധിച്ച് കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലി തടയാന്‍ നിയമ ഭേദഗതികൾക്കും പോലീസ് നടപടികള്‍ക്കൊപ്പം വന്‍ പിഴകൾ ഈടാക്കാനുള്ള നടപടികളും ഉണ്ടാവണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

വളരെ പെട്ടന്ന് തന്നെ കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനില്‍കാന്ത് എസ്‌എച്ച്‌ഒമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിർദ്ദേശം. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

നോക്കുകൂലിയുടെ പേരില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു. “വെറുതെ നോക്കി നില്‍ക്കുന്നവര്‍ക്ക് കൂലി നല്‍കുന്നത് കേരളത്തിലല്ലാതെ ലോകത്ത് മറ്റോരിടത്തും കാണാന്‍ കഴിയില്ലെന്ന്” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നോക്കുകൂലിക്കെതിരായ ഹര്‍ജി പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ വിമർശനം.
നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ പണാപഹരണം അടക്കമുള്ള കുറ്റം ചുമത്തി കേസ് എടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമഭേദഗതിയുടെ വിശദാംശം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി കേസ് ഡിസംബര്‍ 8 ന് പരിഗണിക്കും.

ഈ വര്‍ഷം നിരവധി നോക്കുകൂലി പരാതികൾ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്‌ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്‌ കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.