നോക്കിനില്‍ക്കെ മിന്നല്‍ പ്രളയം; വെള്ളച്ചാട്ടത്തിനരികില്‍ മരണം മുന്നില്‍കണ്ട് അമ്മയുംകുഞ്ഞും; അതിസാഹസികമായി രക്ഷപ്പെടുത്തി തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍-വീഡിയോ കാണാം


ചെന്നൈ: മിന്നല്‍ പ്രളയത്തില്‍ പെട്ടുപോയ അമ്മയെയും കുഞ്ഞിനെയും തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ജീവനക്കാര്‍ അതിസാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുുറത്ത്. സേലം ജില്ലയിലെ അട്ടൂരിനടുത്തുള്ള കല്ലവരയന്‍ ഹില്‍സിലെ ആനൈവാരി മുത്തല്‍ വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

അതിശക്തമായി കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് തൊട്ടരികെ പാറക്കെട്ടില്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെ പാറക്കെട്ടിലൂടെ കയറിച്ചെന്ന് ഒരാള്‍ രക്ഷിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വെള്ളച്ചാട്ടത്തിലേക്ക് വീഴാനിടയുള്ളതിനാല്‍ മറുവശത്ത് നില്‍ക്കുന്നയാളുകള്‍ ഇയാളോട് പാറക്കെട്ടിലേക്ക് കയറുത് എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഒരു കയര്‍ ഉപയോഗിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അമ്മയേയും കുഞ്ഞിനെയും ശ്രദ്ധയോടെ മുകളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. അമ്മയും കുഞ്ഞും അപകടമേഖലയില്‍ നിന്നും പുറത്തുകടന്നപ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിച്ച രണ്ടുപേര്‍ ബാലന്‍സ് നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ദൃശ്യങ്ങള്‍ ഇതോടെ അവസാനിക്കുന്നുണ്ടെങ്കിലും വെള്ളത്തില്‍ വീണ രണ്ടുപേരും നീന്തി സുരക്ഷിതമായി മറുകരയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.