നൊച്ചാട് വീടിന് തീ പിടിച്ചു; ഒരു ലക്ഷം രൂപയുടെ നഷ്ടം


പേരാമ്പ്ര: വീടിന്റെ അടുക്കള ഭാഗം കത്തിനശിച്ചു. നൊച്ചാട് അരിയൂറ മീത്തലെ കുന്നത്ത് ഗോപാലന്റെ വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പേരാമ്പ്ര ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍‌സ്റ്റേഷനില്‍ നിന്ന് അസി: സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ സംഭവസ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ വീട്ടിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് നാട്ടുകാരും സേനാംഗങ്ങളും ചേര്‍ന്ന് തീ അണച്ചത്. പെട്ടന്ന് തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.

അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം അടുക്കളയ്ക്ക് തീ പിടിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. അപകടത്തില്‍ അടുക്കള ഭാഗം പൂര്‍ണ്ണമായും, 2000 ത്തോളം തേങ്ങയും, നൂറിലധികം റബ്ബര്‍ഷീറ്റുകളും കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.