അരിക്കുളം, നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍; ജാഗ്രത, മേഖലയിലെ മറ്റ് പഞ്ചായത്തുകള്‍ ഏതെല്ലാം? ടി.പി.ആര്‍ നിരക്ക് എത്ര? വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിലധികമാണ്. തുറയൂര്‍, നൊച്ചാട്, അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ളത്. മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
നൊച്ചാട് പഞ്ചായത്തില്‍ 693 പേരാണ് കഴിഞ്ഞ ഒരാഴ്ചയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 106 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 15.5 ആണ് പഞ്ചായത്തിലെ ശതമാനമാണ് കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അരിക്കുളം പഞ്ചായത്തില്‍ ഇത് 19.6 ശതമാനമാണ്. 509 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 100 പേര്‍ക്ക് കൊവിഡ് പോസിറ്റീവീയതിനലാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 19.6 ശതമാനമായി ഉയര്‍ന്നത്.
തുറയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 645 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലായി. 15.8 ആണ് പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആഴ്ച കാറ്റഗറി സി യിലാണ് നൊച്ചാട്, തുറയൂര്‍, അരിക്കുളം എന്നീ പഞ്ചായത്തുകള്‍ ഉള്ളത്.
കായണ്ണയില്‍ 32.5 ശതമാനമാണ് കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി. ആര്‍ നിരക്ക്. 314 പേരെയാണ് കഴിഞ്ഞ ആഴ്ച പഞ്ചായത്തില്‍ ടെസ്റ്റിന് വിധേയരാക്കിയത്. ഫലം വന്നപ്പോള്‍ അവരില്‍ 102 പേരും കൊവിഡ് പോസിറ്റീവാണ്. ടെസ്റ്റ് കുറഞ്ഞതാണ് കായണ്ണയില്‍ ടി.പി.ആര്‍ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലാകാന്‍ കാരണം. 25.2 ശതമാനമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ കായണ്ണയിലെ ടി.പി.ആര്‍ നിരക്ക്.
ചങ്ങരോത്ത് പഞ്ചായത്തില്‍ 1059 പേരെയാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇതില്‍ 204 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലായി. 19.3 ആണ് പഞ്ചായത്തിലെ ശരാശരി ടി.പി.ആര്‍ നിരക്ക്.കായണ്ണയും ചങ്ങരോത്തും കഴിഞ്ഞ ആഴ്ച ഡി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരുന്നത്.