നേഴ്സ് പറഞ്ഞ കഥ


ബാജിത്ത് സി വി
ബി.എസ്.സി നഴ്സിംഗിന് ശേഷം ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞ്, നാളുകൾ എണ്ണി കഴിയുന്ന ഒരു സായാഹ്നത്തിലാണ് അപ്പുമാമ കയറി വന്നത് .അച്ഛൻ മരിച്ചതിൽ പിന്നെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഉപേക്ഷിച്ച വീട്ടിലേക്ക് വല്ലപ്പോഴും അതിഥിയായി വരുന്നത് അപ്പുമാമ മാത്രമാണ്. അമ്മയ്ക്ക് തന്റെ പ്രാരാബ്ധങ്ങളും പരിഭവങ്ങളും ഇറക്കി വെയ്ക്കാനുള്ള ഒരു ആശ്രയം. അപ്പുമാമയ്ക്ക് ഞങ്ങളെ സഹായിക്കാനുള്ള ഒരു കെൽപ്പും ഉണ്ടായിരുന്നില്ല. എങ്കിലും അപ്പുമാമ വരുന്നത് എന്നെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛൻ കൂടെ കൊണ്ടുപോയ അമ്മയുടെ പുഞ്ചിരിയും മുഖത്തെ തെളിച്ചവും കുറച്ചെങ്കിലും പുറത്തേക്ക് വരുന്നത് അന്നാണ്.
ഉമ്മറത്തെ ചുമരിൽ തൂക്കിയിട്ട അച്ഛന്റെ ഫോട്ടോയിലേക്ക് കണ്ണൊന്നു പായിച്ച് അപ്പുമാമ കസേരയിലമർന്നു.
” ശാരദേ , നിനക്ക് മ്മടെ കുഞ്ഞമ്മദ്നെ അറീലേ?”
മുഖവുരയൊന്നുമില്ലാതെ അപ്പുമാമ കാര്യത്തിലേക്ക് കടന്നു.
“നടേമ്മലെ കുഞ്ഞമ്മദ്ക്ക ?”
അമ്മയുടെ ശബ്ദം അപ്പു മാമ കേട്ടോയെന്ന് സംശയം;അത്രയും ദുർബലമായിരുന്നു.
ഉം”: അയാളും ബന്ധുക്കളും കൂടി നടത്തുന്ന ഒരാശുപത്രിയുണ്ടല്ലോ. ഇവൾക്ക് അവിടെയൊരു ജോലി ശരിയാക്കിത്തരാംന്ന് അയാള് സമ്മതിച്ചു!.
കൃതജ്ഞതക്കൊണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു. എന്തു പറയേണ്ടു എന്നറിയാതെ അമ്മയുടെ ചുണ്ടുകൾ തെന്നലേറ്റ് വിറയ്ക്കുന്ന ചെന്താമരയിതളു പോലെ വിറകൊള്ളുന്നത് ഞാൻ കണ്ടു. സത്യം പറഞ്ഞാൽ അരപട്ടിണി തന്നെയായിരുന്നു ഞങ്ങളുടെ അവസ്ഥ.
തുടർ പഠനത്തിന് പോകണമെന്ന് വലിയ മോഹമുണ്ടായിരുന്നെങ്കിലും അത് അതിമോഹമാണെന്ന് മറ്റാരെക്കാളും എനിക്ക് തന്നെ അറിയാമായിരുന്നു .ദുരിതങ്ങൾ പാലക്കാടൻ വേനലു പോലെ കത്തിനിന്ന എന്റെ മനസ്സിലേക്ക് അപ്പുമാമ യുടെ വാക്കുകൾ കുളിരണിഞ്ഞ വേനൽമഴയായി പെയ്തിറങ്ങി.
നഗരത്തിലെ ഒരു ഇടത്തരം ആശുപത്രിയായിരുന്നു അത്. പനിയും ഛർദിയും പിടിപ്പെട്ട് അവശയായ അമ്മയെയും കൊണ്ട് മുമ്പൊരിക്കൽ ഞാനവിടെ പോയിട്ടുണ്ട്.
ഇന്റർവ്യൂവിന് കൂടെ വന്നത് അപ്പുമാമയാണ് .ഇന്റർവ്യൂ എന്ന് പറയാനൊന്നുമില്ലായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പിറ്റേ ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ പറഞ്ഞു.
മാലാഖമാരുടെ ആ വെള്ള യൂണിഫോം ധരിച്ചു തുടങ്ങിയതിന് ശേഷമാണ് എന്റെ ജീവിതത്തിനും കൂടുതൽ അർത്ഥ തലങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് ബോധ്യപ്പെട്ടത്.
അന്നൊരിക്കൽബ്ലോസ്സം ബ്ലോക്കിലെ രണ്ടാം നിലയിലെ പതിനേഴാം നമ്പർ മുറിയുടെ പുറത്തെ ഇടനാഴിയിൽ ഒരു കൂട്ടം ഗർഭിണികൾക്കിടയിൽ നിൽക്കുമ്പോഴാണ്
അറ്റൻഡർ കൃഷ്ണേട്ടൻ വന്ന് വിളിച്ചത് .
“സിസ്റ്ററെ കുഞ്ഞമ്മദ്ക്കാ വിളിക്കുന്നു “.
എന്തേയെന്നർത്ഥത്തിൽ ഞാൻ കണ്ണൂയർത്തി കൃഷ്ണേട്ടനെ നോക്കി .
ജീവിത പ്രാരാബ്ധങ്ങളുടെ വേനലിൽ ഇലകൊഴിഞ്ഞ ചുള്ളിമരം പോലെ കൃഷ്ണേട്ടൻ.
” മുറിയില് കുഞ്ഞമ്മദ്ക്ക കൂടാതെ ഷാജി ഡോക്ടറുമുണ്ട് “
വളരെ ലൂസായ ആ വെളുത്ത യൂണിഫോം കൃഷ്ണേട്ടന്റെ ശരീര പ്രകൃതിയോട് ഒട്ടും കൂറ് പുലർത്തിയിരുന്നില്ല.
ഞാൻ കൈയ്യിലുള്ള ബുക്കിംഗ് സ്ലിപ്പിലേക്ക് നോക്കി. ടോക്കൻ നമ്പർ 23 നെയാണ് അകത്ത് ഡോക്ടർ പരിശോധിച്ചു കൊണ്ടിരിക്കുന്നത് .അടുത്തത് സുസ്മിത ജെയിൻ. എന്റെ വിളി കേട്ട് വലിയ വയറും താങ്ങി വാടിയ ചെന്താമര പോലെ അപ്പുറത്തെ കസേരയിൽ ചാഞ്ഞിരുന്ന സുസ്മിത എഴുന്നേറ്റ് ഡോറരികിൽ വന്നു നിന്നു.
“കൃഷ്ണേട്ടാ .. ഇതിലെ ക്രമമനുസരിച്ച് കടത്തിവിട്ടേക്കണേ “. ബുക്കിംഗ് സ്ലിപ്പ് കൃഷ്ണേട്ടനെ ഏൽപ്പിച്ച് മാനേജരുടെ കാബിനെ ലക്ഷ്യം വെച്ച് നടന്നു.:
പുറത്തു നിന്നും ആംബുലൻസിന്റെ ഹോണടി ഉയർന്നു കേട്ടു .പണ്ട് അത് കേൾക്കുമ്പോൾ തന്നെ പേടിയാകുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പുലർച്ചെ ഈ ഹോണടി ശബ്ദം കേട്ട് ഞെട്ടിയുണർന്നതും കുറച്ചു കഴിഞ്ഞപ്പോൾ അയൽക്കാരൊക്കെ വീട്ടിലേക്ക് ഓടി വന്നതും ഇന്നലെ നടന്നതു പോലെ .
കുഞ്ഞമ്മദ്ക്ക നല്ലൊരു മനുഷ്യനാണ്. ഗൈനക്കോളജിസ്റ്റ്‌ ഷാജി സാറിന് അരവട്ടാണെന്നാണ് ഞങ്ങൾ നഴ്സുമാരുടെ ഇടയിലെ സംസാരം.
ചില നേരങ്ങളിൽ തനിയെ ചിരിക്കുന്നതും സംസാരിക്കുന്നതും ,അപ്പോൾ പിറന്നു വീണ കുഞ്ഞിനോട് കുശലം പറയുന്നതും കാണുമ്പോൾ ഞങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും അങ്ങനെയേ തോന്നു.ഈ ആശുപത്രിയിൽ നല്ല റേഞ്ചുള്ള ഡോകടർമാരിൽ ഒരാളാണ്; പക്ഷെ പണത്തോട് ഇത്തിരി ആർത്തി കൂടുതലാണ്.
എന്തിനായിരിക്കും തന്നെ വിളിപ്പിച്ചത്? ആ ചിന്ത വളരുന്തോറും ഹൃദയമിടിപ്പ് കൂടുന്ന പോലെ . ആരെങ്കിലും എന്നെ വിളിക്കുന്നു എന്ന് കേട്ടാൽ ഉള്ളിൽ ഒരാധിയാണ്.ഞാനന്തെങ്കിലും തെറ്റ് ചെയ്തോ എന്ന തോന്നലാണ് ആദ്യം വരിക.
ധൈര്യസമേതം റൂമിലേക്ക് കടന്നു ചെന്നപ്പോൾ കുഞ്ഞമ്മദ്ക്ക ആർക്കോ ഫോൺ ചെയ്യുകയായിരുന്നു. ഷാജി സാർ ഒന്നു പുഞ്ചിരിച്ചു. എന്നോട് തന്നെയാണോ എന്നൊരു സംശയം .
“നാളെ ലേബർ റൂമിലല്ലേ ഡ്യൂട്ടി? “
ഫോൺ വെച്ച ശേഷം കുഞ്ഞമ്മദ്ക്ക ചോദിച്ചു.
ഞാൻ അതെയെന്ന് തലയാട്ടി.
” -എന്റെ പേരക്കുട്ടി ഹാജ്റന്റെ സിസേറിയനാ നാളെ ,ഓളെ സിസ്റ്റർക്ക് അറീലെ?”
ചെമ്പരത്തി പൂപോലെ ചുവന്ന് തുടുത്ത ഹാജ്റയുടെ രൂപം മനസ്സിൽ തെളിഞ്ഞു വന്നു;രണ്ട് ദിവസം കൂടി കാത്തിരുന്നാൽ നോർമൽ ഡെലിവറി നടക്കും.പക്ഷെ ആ പെണ്ണിന് വേദന സഹിക്കാൻ പറ്റില്ലാത്രെ ! അവളെ കുടുതൽ ശ്രദ്ധിക്കണമെന്ന് പറയാനായിരിക്കും തന്നെ വിളിപ്പിച്ചത് എന്നാശ്വാസം കൊള്ളവെ കുഞ്ഞമ്മദ് ഹാജിയുടെ വാക്കുകൾ ശരിക്കും എന്നെ ഞെട്ടിച്ചു;
രാത്രി ഹോസ്റ്റൽ റൂമിലെ മങ്ങിയ പ്രകാശത്തിൽ കൂട്ടുകാരികളെല്ലാം നിദ്രയുടെ നീലത്താഴ് വരയിലാറാടുമ്പോൾ, ഉറക്കം വരാതെ കണ്ണടച്ചു കിടന്ന എന്റെ കാതുകളിൽ കുഞ്ഞമ്മദ് ക്കയുടെ വാക്കുകൾ കാലവർഷക്കടലിരിമ്പം പോലെ മുഴങ്ങിക്കൊണ്ടേയിരുന്നു.
മെഡിക്കൽ എത്തിക്സിന് നിരക്കാത്ത പ്രവൃത്തി; അതും ഞാൻ ചെയ്യണമെന്ന് .. ഞാൻ എന്തു ചെയ്യും? അതിനുള്ള നേട്ടം സിസ്റ്റർക്കുണ്ടാകുമെന്ന് പറഞ്ഞതിനർത്ഥം തക്കതായ പ്രതിഫലം കിട്ടുമെന്ന് തന്നെയാണ്.;
അതുക്കൊണ്ടായിരിക്കുമല്ലോ ഷാജി ഡോക്ടർ ഇതിന് കൂട്ട് നിന്നത്. ആരോടെങ്കിലും ചോദിക്കാൻ പറ്റ്വോ.
കാട്ടുകടന്നൽ കൂട്ടം തലക്കുള്ളിലൂടെ മൂളി പറക്കുന്നു;
” ഹാജറക്ക് മൂന്ന് പെൺക്കുട്ടികളാ ഉള്ളത്,
പെറാൻ പോകുന്നതും പെണ്ണാണെന്നാ ഡോക്ടറ് പറയുന്നെ… പക്ഷെ ഓളെ പുയ്യാപ്ലക്കും അമ്മായിയമ്മക്കും ആണിനെയാ വേണ്ടത്:”
കുഞ്ഞമ്മദ്ക്ക ഒന്നു നിർത്തി;
“ഇതും പെണ്ണാണെന്നറിഞ്ഞാൽ ഓക്ക് പിന്നെ അബ്ടെ ജീവിക്കാൻ കയ്യൂല…”.
ഹാജറായുടെ കലുഷിതമായ കുടുംബ പശ്ചാത്തലം ആ കണ്ണുകളിൽ തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.
അദ്ദേഹം ഷാജി ഡോക്ടറെ നോക്കി.ഷാജി ഡോക്ടർ പ്രിസ്ക്രിപ്ഷൻ ശീട്ടിൽ ഒരു കാറിന്റെ ചിത്രം വരയ്ക്കുകയായിരുന്നു. കുഞ്ഞമ്മദ്ക്ക പറഞ്ഞതൊന്നും ഡോക്ടർ കേട്ടോയെന്ന് സംശയം;
എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി;ആ പിഞ്ചു കുഞ്ഞിനെ വല്ല അനാഥലയത്തിലേക്കോ മറ്റോ മാറ്റാനാണോ?
“എഴാം വാർഡിലെ സുമലതയുടെ ഡെലിവറിയും നാളെയാ:
അവൾക്ക് മൂത്തത് ആൺക്കുട്ടി. പെറാൻ പോകുന്നതും ആൺ കുട്ടിയാണെന്നാണ് ഡോക്ടർ പറയുന്നത്”.
ബാക്കി എന്തു പറയണമെന്നറിയാതെ കുഞ്ഞമ്മദ്ക്ക നിർത്തി.
പെട്ടെന്ന് ഷാജി സാർ തലയുയർത്തി എന്നെ നോക്കി.
“സിസ്റ്റർ ,ഡോണ്ട് വറി.. ലേബർ റൂമിൽ വെച്ച്
ഒരു എക്സ്ചേഞ്ച് … നോ പോബ്ലം ..നോ.. ടെൻഷൻ;
സിസ്റ്റർ ഒന്നു കണ്ണടച്ചു നിന്നാൽ മതി “.
അതും പറഞ്ഞ് ഷാജി സാർ എഴുന്നേറ്റ് പുറത്തേക്ക് പോയി. പ്രിസ്ക്രിപ്ഷൻ ശീട്ടിലെ കാർ ഫാനിന്റെ കാറ്റേറ്റ് വിറച്ചുക്കൊണ്ടിരുന്നു.ചെണ്ടമേള മുറുക്കത്തിൽ ആഞ്ഞു തുള്ളുന്ന കോമരങ്ങളെ പോലെ മനസ്സ് കിടന്ന് വിറകൊള്ളുമ്പോൾ കുഞ്ഞമ്മദ്ക്ക പതുക്കെ പറഞ്ഞു. “പേടിക്കേണ്ട കുട്ടി… നമ്മൾ മൂന്ന് പേർ മാത്രമേ അറിയൂ –
ആ രണ്ട് കുടുംബത്തിനും നല്ലത് വരാൻ വേണ്ടിയാണെന്ന് കരുതിയാൽ മതി.. “
പാതി ചാരിയ ജനൽ വിടവിലൂടെ ആകാശത്തിന്റെ ഒരു കോണിൽ ഒരു നക്ഷത്രം മാത്രം ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം മെല്ലെ മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്നത് ഞാൻ നോക്കി നിന്നു. ഞാനെന്റെ എല്ലാ കാര്യങ്ങളും അമ്മയോട് പറയാറുണ്ടായിരുന്നു.പക്ഷെ അന്നാദ്യമായി ഒരു രഹസ്യം സൂക്ഷിക്കേണ്ട ബാധ്യത അറിയാതെയാണെങ്കിലും എന്നിൽ വന്നു ചേർന്നതറിഞ്ഞ് ആകെ അസ്വസ്ഥയായി. സമാധാനത്തോടെ കൂർക്കം വലിച്ചുറങ്ങുന്ന കൂട്ടുകാരികളെ നോക്കിയപ്പോൾ അവരോട് എന്തോ ഈർഷ്യ തോന്നി. എല്ലാവരെയും വിളിച്ചുണർത്തിയാല്ലോ….
അനുവാദമില്ലാതെ ഞങ്ങൾ പെൺകുട്ടികൾ മാത്രം കിടന്നുറങ്ങുന്ന മുറിയിലേക്ക് ജനലിൻ വിടവിലൂടെ അകത്തേക്ക് കടന്നു വന്ന കുളിര് എന്നെ ആലിംഗനം ചെയ്യാനുള്ള ശ്രമമാണെന്നു കണ്ടപ്പോൾ പുതപ്പെടുത്ത് തല വഴി മൂടി പുതച്ചു കിടന്നു .
കാലമെത്ര വേഗത്തിലാണ് പാഞ്ഞു പോകുന്നത്! ലോകത്ത് നിഷ്പക്ഷത എന്നൊന്നുണ്ടെങ്കിൽ അത് സമയത്തിന് മാത്രം അവകാശപ്പെട്ടതാണ്. സുഖമായാലും ദു:ഖ മായാലും സമയം പക്ഷപാതിത്വമില്ലാതെ കടന്നു പോകും.
വിശാലമായ കൊക്കിറങ്ങി വയലിൽ കൊയ്ത്തും മെതിയും പലവട്ടം കടന്നു പോയി. വർഷങ്ങൾ കഴിയും തോറും കൊക്കിറങ്ങി വയൽ ശോഷിച്ച് ശോഷിച്ച് എല്ലും തോലുമായി. പാതി ചത്ത വയലിന്റെ അവസാന ശ്വാസവും ഇല്ലാതാക്കാൻ ടിപ്പർ ലോറികളും ജെ.സി.ബികളും തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. ഇനിയെത്ര നാൾ…? അവസാനം കൊക്കിറങ്ങി വയൽ എന്ന പേര് മാത്രം ബാക്കിയാകുമായിരിക്കും.
“അമ്മ കൂറെ നേരമായല്ലോ പത്രവും നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…. എന്താ ഫൈസലിനെ അമ്മയ്ക്കറിയ്യോ..?”
മകളുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
ഞാനൊന്നു കൂടി പത്രത്തിലെ ഫോട്ടോയിലേക്ക് നോക്കി .
സുമുഖനായ ഒരു ചെറുപ്പക്കാരൻ.പിന്നെ മകളെ നോക്കി ഇല്ലെന്നോ അതെയെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ തലയാട്ടി.
“നാട്ടിലാകെ ഇതെന്നാ ചർച്ച… ന്നാലും നമ്മുടെ നാട്ടിൽ നിന്നൊരാള്… അതാണ് എല്ലാർക്കും അതിശയം…”.
കേരളത്തിൽ നിന്നും ഐ എസ് എന്ന ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാല് ചെറുപ്പക്കാരിൽ ഒരാൾ….
സിറിയയിലെ ഏതോ തെരുവീഥികളിൽ സൈന്യത്തിന്റെ വെടിയുണ്ടകൾ ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ ആ ചെറുപ്പക്കാരൻ , വീട്ടുകാരുടെയും നാട്ടുകാരുടെയും പത്രക്കാരുടെയും കണ്ണിൽ ചെമ്പരത്തിപ്പൂ പോലെ ചുവന്ന് തുടുത്ത ഹാജ്റയുടെ മകനായിരുന്നു.,, എനിക്കപ്പോൾ സുമലതയെയാണ് ഓർമ്മ വന്നത് .
പിൻകുറിപ്പ്:
ഷാജി സാറിന്റെ ഭാഷയിൽ ലേബർ റൂമിൽ വെച്ച് ഒരു എക്സ്ചേഞ്ച് എന്ന സംഭവത്തിന് ശേഷം മൂന്ന് മാസം മാത്രമെ ആ ആശുപത്രിയിൽ ജോലി ചെയ്യേണ്ടതായി വന്നുള്ളൂ. നഗരത്തിലെ മെട്രോ ഹോസ്പിറ്റലിലേക്ക് കൂടുതൽ ഉയർന്ന ശമ്പളത്തിൽ കൂട്ടുകാരി മുഖേന ജോലി ശരിയായപ്പോൾ കുഞ്ഞമ്മദ്ക്കയുടെ ആശുപത്രി വിട്ടു. ചിലപ്പോഴൊക്കെ കുഞ്ഞമ്മദ്ക്കയെ ടൗണിൽ വെച്ച് കണ്ടിരുന്നെങ്കിലും ഒരിക്കലും അന്നത്തെ സംഭവത്തെക്കുറിച്ച് ഒരു വാക്കു പോലും എന്നോട് ചോദിച്ചിരുന്നില്ല., ഞാനങ്ങോട്ടും .
ഇന്നിപ്പോൾ അപ്പുമാമയും അമ്മയും കുഞ്ഞമ്മദ്ക്കയൊന്നും ഈ ഭൂമിയിലില്ല.ഷാജി സാർ എവിടെയാണെന്ന് ഒരു വിവരവുമില്ല. സുമലതയുടെ മകൾ നിഷ ( സുമലതയുടെ മകൾ എന്നു തന്നെ പറയട്ടെ ) എന്റെ മകളുടെ കോളേജിൽ അവളുടെ സീനിയറായി പഠിക്കുന്നു എന്നത് തികച്ചും യാദൃശ്ചികം തന്നെ.
“നിഷേച്ചിക്ക് പറയാൻ ഒരു കാരണവും കൂടിയായി “വരാന്ത തൂത്തു വാരുന്നതിനിടയിൽ മകൾ പറഞ്ഞു.
ഉം?
കണ്ണുയർത്തി ഞാനവളെ നോക്കി.
“നമ്മുടെ മതക്കാരൊക്കെ ഒരുമ്മിക്കണമെന്നാ നിഷേച്ചി പറയാറ്. പത്രത്തിലെ ഈ കാര്യവും കൂടി കേട്ടാൽ വലിയ ചർച്ചയ്ക്ക് അതുമതി…
“”നമ്മുടെ മതക്കാര് ” അത് കേട്ടപ്പോൾ ഉള്ളിൽ നിന്ന് ആരോ ഉറക്കെ ചിരിക്കുന്നതു പോലെ …..