നേരത്തെ കൊവിഡ് പോസിറ്റീവായവരെ ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍; ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക കണ്ടെത്തലുകള്‍ ഇങ്ങനെ…


പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെ ചൊല്ലി ആങ്കയിലാണ് ലോകരാജ്യങ്ങള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പല രാജ്യങ്ങളും യാത്രാവിലക്കും നിയന്ത്രണങ്ങളും കടുപ്പിച്ചു. ആശങ്കയുടെ ഈ വകഭേദത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് നോക്കാം.

1. നേരത്തെ കോവിഡ് ബാധിച്ചവരെ പുതിയ വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക കണ്ടെത്തല്‍.

2. ഡെൽറ്റ ഉള്‍പ്പെടെ മറ്റ് കോവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന്‍റെ വ്യാപനശേഷി അഥവാ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആർടി-പിസിആർ പരിശോധനയിലൂടെ പുതിയ വകഭേദത്തെ കണ്ടെത്താനാകും

3. വാക്സിന് എത്രത്തോളം ഈ വകഭേദത്തെ തടയാനാകുമെന്ന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധന തുടരുകയാണ്

4. ഒമിക്രോണ്‍ രോഗികളുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മറ്റ് കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ലക്ഷണങ്ങള്‍ ഇതുവരെ ഒമിക്രോണ്‍ ബാധിതരില്‍ കണ്ടെത്തിയിട്ടില്ല

5. പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ്. എന്നാൽ ഇത് ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. ആകെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതും കാരണമാകാം.

ചുരുക്കിപ്പറഞ്ഞാല്‍ ഒമിക്രോണിനെ കുറിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളും പ്രാഥമിക ഘട്ടത്തിലെത്തിയിട്ടേയുള്ളൂ. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് കോവിഡ് ആദ്യ തരംഗത്തിന്‍റെ സമയത്തു തന്നെ തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഒമിക്രോണിനെ തുടക്കത്തിലേ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. യാത്രാവിലക്കുകളും നിയന്ത്രണങ്ങളും കടുപ്പിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്.

അതേസമയം ഡെല്‍റ്റയേക്കാള്‍ ആറിരട്ടി വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിനെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ ബാധിച്ചവരെ നിരീക്ഷണത്തിന് വിധേയമാക്കിയും ജിനോം പരിശോധകളിലൂടെയും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനും ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാസ്ക് ധരിക്കുന്നതും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതും തുടരണം. സാമൂഹ്യാകലം ഉറപ്പു വരുത്തണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു.