നേമം കിട്ടും, കളമശ്ശേരിയിൽ അട്ടിമറി വിജയം, 80 സീറ്റുറപ്പിച്ച് സിപിഎം; 15 ഇടത്ത് കടുത്ത മത്സരം


തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് വോട്ടുതേടിയ ഇടതുമുന്നണിയെ ജനം പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് സി.പി.എമ്മിന്റെ കണക്കെടുപ്പ്. 80 സീറ്റിൽ ഉറപ്പായും ജയിക്കും. 95 സീറ്റുവരെ പൊരുതി നേടാനാകും. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങൾ നൽകിയ റിപ്പോർട്ട് വിലയിരുത്തുമ്പോൾ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റുനില ഇതാണ്.

പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നു. അടിയൊഴുക്കുകൾ ജയപരാജയം നിർണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി. മുമ്പൊരിക്കലും ഇല്ലാത്തവിധം പല മണ്ഡലങ്ങളിലും ബൂത്തുതലത്തിൽ സജീവമായിരുന്നു. ചിലമണ്ഡലങ്ങളിൽ ബി.ജെ.പി. നേടുന്ന അധികവോട്ടുകൾ യു.ഡി.എഫിന് തിരിച്ചടിയാകും. മത്സരരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിച്ചതും ഒരുവിഭാഗം മന്ത്രിമാരെ മാറ്റിനിർത്തിയതും ഇടതുപക്ഷത്തിന്റെ സാധ്യത ഇല്ലാതാക്കിയിട്ടില്ല. പക്ഷേ, മത്സരം കടുപ്പിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നാണ് ജില്ലകളിൽനിന്നുള്ള റിപ്പോർട്ട്.

കണ്ണൂർ ജില്ലയിൽ പേരാവൂരും, അഴീക്കോടും പിടിച്ചെടുക്കാനാവും. കാസർകോടും വയനാട്ടിലും നിലവിലുള്ള സീറ്റുകൾ നിലനിർത്തും. വയനാട്ടിൽ യു.ഡി.എഫ്. മണ്ഡലമായ സുൽത്താൻ ബത്തേരി പിടിച്ചെടുക്കാൻ കഴിയുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷത്തെ സീറ്റുകൾ നിലനിർത്താനാകും. കൊയിലാണ്ടിയും, വടകരയും ജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തലെങ്കിലും, വടകരയിൽ അട്ടിമറിസാധ്യതയും തള്ളുന്നില്ല.

തൃശ്ശൂരിൽ വടക്കാഞ്ചേരിയടക്കം നേടാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, പത്മജാ വേണുഗോപാൽ, സുരേഷ് ഗോപി എന്നിവർ എതിരാളികളായുള്ള തൃശ്ശൂർ സീറ്റിൽ അത്ര ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നില്ല. പാലക്കാട് കടുത്തമത്സരം നടന്ന തൃത്താലയിൽ എം.ബി.രാജേഷ് 3000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് ജില്ലാകമ്മിറ്റിയുടെ കണക്ക്.

എറണാകുളത്ത് പി.രാജീവ് മത്സരിക്കുന്ന കളമശ്ശേരിയിലാണ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് ഉറപ്പുള്ള ജയമായി സി.പി.എം. കണക്കാക്കിയിട്ടില്ല. കോട്ടയം ജില്ലയിൽ നാലുസീറ്റ് ഉറപ്പിച്ചുപറയുന്നുണ്ട്. രണ്ടുസീറ്റുവരെ അധികം നേടാനായേക്കും. ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് പാർട്ടിക്കണക്ക്. ഇത് 2016-ലെ അതേസ്ഥിതിയാണ്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ അരൂർ യു.ഡി.എഫ്. നേടിയ അരൂർ തിരിച്ചു പിടിക്കാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, ചേർത്തല, അരൂർ എന്നിവിടങ്ങളിലെ തീരദേശവോട്ടുകൾ ആർക്കൊപ്പമെന്നത് നിർണായകമാണ്. ഈ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് ഉറപ്പിച്ചുപറയാൻ ജില്ലാനേതൃത്വത്തിന് കഴിയുന്നില്ല.

കൊല്ലം ജില്ലയിലും തീരദേശവോട്ടുകളാണ് നിർണായകം. പക്ഷേ, വലിയ അട്ടിമറിക്ക് സാധ്യതയില്ല. കരുനാഗപ്പള്ളി, ചവറ, കൊല്ലം മണ്ഡലങ്ങളിൽ മത്സരം ശക്തമാണ്. ഇവ ഉറപ്പുള്ള മണ്ഡലങ്ങളായി കണക്കാക്കിയിട്ടില്ല. തിരുവനന്തപുരത്ത് നേമം ഉൾപ്പടെ വിജയിക്കുമെന്നാണ് ജില്ലനേതൃത്വത്തിന്റെ കണക്ക്. അരുവിക്കര എൽ.ഡി.എഫ്. പിടിച്ചെടുക്കും. കോവളംസീറ്റ് നഷ്ടമാകും. കോവളം ഒഴികെയുള്ള ബാക്കി 13 ഇടത്തും വിജയിക്കും. 12 സീറ്റാണ് ഉറപ്പായും പ്രതീക്ഷിക്കുന്നത്.