നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സാഫ് കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; ഗോളടിച്ചവരില്‍ മലയാളി താരം സഹലും
മാലി: നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സാഫ് കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. നായകന്‍ സുനില്‍ ഛേത്രിക്കും മധ്യനിര താരം സുരേഷ് സിങ്ങിനുമൊപ്പം മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യക്ക് വേണ്ടി ഗോളടിച്ചു.
ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ തിരിച്ചുപിടിച്ചു. 2019-ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.
നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തില്‍ നിര്‍ണായക ഘടകമായത്. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കുകയും മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു.
ആദ്യപകുതിയില്‍ നേപ്പാള്‍ പ്രതിരോധം ശക്തമായി നിലനിന്നതോടെ ഇന്ത്യയ്ക്ക് ഗോളടിക്കാനായില്ല. മന്‍വീറും ഛേത്രിയുമെല്ലാം ആക്രമിച്ച് കളിച്ചെങ്കിലും നേപ്പാള്‍ പ്രതിരോധം അതിനെയെല്ലാം നന്നായി തന്നെ നേരിട്ടു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ പുതിയ തന്ത്രമാണ് ഗ്രൗണ്ടില്‍ പരീക്ഷിച്ചത്. ഇരുവശങ്ങളിലൂടെയും ആക്രമിച്ച് കളിച്ച് നേപ്പാള്‍ ബോക്സിലേക്ക് പരമാവധി പന്തെത്തിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി 49-ാം മിനിട്ടില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.
ബോക്സിന്റെ വലതുവശത്തുനിന്ന് പ്രീതം കോട്ടാല്‍ നല്‍കിയ ക്രോസില്‍ കൃത്യമായി തലവെച്ച് ഛേത്രി മനോഹരമായ ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. ഛേത്രിയുടെ ഹെഡ്ഡര്‍ നോക്കി നില്‍ക്കാനേ നേപ്പാള്‍ ഗോള്‍കീപ്പര്‍ ചെംസോങിന് സാധിച്ചുള്ളൂ. ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോള്‍ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു.
ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി സാക്ഷാല്‍ ലയണല്‍ മെസ്സിയ്ക്ക് ഒപ്പമെത്തി. 125 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ നേടിയത്. മെസ്സി 156 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
ഛേത്രിയുടെ ഗോളിന് പിന്നാലെ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സുരേഷ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. യാസിറിന്റെ ക്രോസ് സ്വീകരിച്ച സുരേഷ് പന്ത് അനായാസം നേപ്പാള്‍ വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. രണ്ട് ഗോള്‍ നേടിയിട്ടും ഇന്ത്യ ആക്രമിച്ച് തന്നെയാണ് കളിച്ചത്.
പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുള്‍ സഹല്‍ സമദ് ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി. 90-ാം മിനിട്ടില്‍ ബോക്സിനകത്തേക്ക് കുതിച്ചെത്തിയ സഹല്‍ നേപ്പാള്‍ പ്രതിരോധതാരങ്ങളെ അതിമനോഹരമായി കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.