നെല്ല്യാടിപ്പുഴ നികത്തി റോഡ് നിർമ്മിക്കുന്നതായി പരാതി


കൊയിലാണ്ടി: നെല്ല്യാടിപ്പുഴയുടെ തീരത്തോട് ചേർന്ന ഭാഗം നികത്തി സ്വന്തം സ്ഥലത്തേക്ക് അനധികൃതമായി റോഡ് നിർമ്മിക്കാൻ സ്വകാര്യ വ്യക്തി ശ്രമം നടത്തുന്നതായി പരാതി. വീട് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായുള്ള സിമന്റിന്റെയും കല്ലിന്റെയും അവശിഷ്ടങ്ങൾ ലോഡ് കണക്കിന് ഇറക്കിയാണ് പുഴ ഉൾപ്പെടുന്ന ഭാഗത്ത് കൂടി റോഡ് നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.

കീഴരിയൂർ കൊല്ലം റോഡിൽ നെല്ല്യാടിപ്പാലം ആരംഭിക്കുന്ന ഭാഗത്താണ് നികത്തൽ ആരംഭിച്ചിട്ടുള്ളത്. വലിയ തോതിൽ കണ്ടൽച്ചെടികൾ ഉള്ള സ്ഥലമാണ് നികത്തിയിരിക്കുന്നത്.
പാലത്തോട് ചേർന്നുള്ള സർക്കാർ ഭൂമിയിലാണ് മാലിന്യങ്ങൾ കൊണ്ടിട്ട് നികത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.