നെല്ലും മീനും പദ്ധതി കൂടുതൽ പാടശേഖരങ്ങളിലേക്ക്: പേരാമ്പ്ര മേഖലയിലെ കൂടുതല്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും



പേരാമ്പ്ര: മത്സ്യസമ്പത്ത് വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഒരുനെല്ലും ഒരുമീനും പദ്ധതി ഇത്തവണ കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യം. പാടശേഖരങ്ങളിൽ ഒരുതവണ മത്സ്യക്കൃഷിയും അതിനുശേഷം നെൽക്കൃഷിയും ചെയ്യുന്നതാണ് പദ്ധതി.

കഴിഞ്ഞതവണ ചെറുവണ്ണൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി 140 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ ഇരട്ടിയായി ഉയർത്താനാണ് ലക്ഷ്യം. ചെറുവണ്ണൂർ പഞ്ചായത്തിൽ കഴിഞ്ഞതവണ നടപ്പാക്കിയ അത്രയും സ്ഥലത്ത് ഇത്തവണയും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

പേരാമ്പ്ര കൈപ്രം ഗണപതിക്കണ്ടി പാടശേഖരം, ചങ്ങരോത്ത് കല്ലൂർമൂഴി, മേപ്പയ്യൂർ കണ്ടംചിറ, തുറയൂർ വിയ്യംചിറ എന്നിവിടങ്ങളിലും ഇത്തവണ പുതിയതായി മത്സ്യക്കൃഷി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.

ചെറുവണ്ണൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ പദ്ധതി പ്രവർത്തനം ഇത്തവണയും തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്ത് പരിധിയിൽപ്പെട്ട കരുവോട് ചിറയിലും കരുവോട് നിലഞ്ചേരി ഭാഗത്തുമായി 40 ഹെക്ടർ വീതവും കഴുക്കോട് വയലിൽ പത്ത് ഹെക്ടറും ആവളപാണ്ടി പാടശേഖരത്തിൽ 20 ഹെക്ടറും വീതമാണ് ഒരുനെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളിൽ മാത്രമായി 3.3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പാടശേഖരങ്ങളിൽ മത്സ്യങ്ങളിടാൻ നഴ്‌സറി ഒരുക്കുന്ന ജോലികൾ തുടങ്ങി. കരുവോട് ചിറയിലും ആവളപാണ്ടിയിലും മത്സ്യത്തെ നിക്ഷേപിച്ചു.

ആവളപാണ്ടി ഒന്നിലെ 50 ഏക്കർ പാടശേഖരത്തിലേക്കായി സജ്ജമാക്കിയ നഴ്‌സറിയിൽ കട്‌ല, രോഹു, മൃഗാല ഇനങ്ങളിൽപ്പെട്ട അറുപതിനായിരം മത്സ്യങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. കോമൺ കാർപ്പ്, ഗ്രാസ് കാർപ്പ് എന്നിവയും നിക്ഷേപിക്കുന്ന ഇനങ്ങളിൽ ഉൾപ്പെടും. ഫിഷറീസ് വകുപ്പിനുകീഴിൽ കല്ലാനോടുള്ള മത്സ്യവിത്തുത്‌പാദന കേന്ദ്രത്തിൽനിന്നുള്ള മത്സ്യങ്ങളാണ് നിക്ഷേപിക്കാനായി എത്തിക്കുന്നത്.

ഒരു ഹെക്ടറിന് എട്ടായിരംരൂപ വീതം സ്ഥലമൊരുക്കലിനും മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനുമെല്ലാമായി പാടശേഖര സമിതികൾക്ക് ഫിഷറീസ് വകുപ്പ് നൽകും. മത്സ്യക്കുഞ്ഞുങ്ങളെയും ഫിഷറീസ് വകുപ്പ് സൗജന്യമായി എത്തിക്കും. ഇവയെ വളർത്തി വലുതാക്കിയ ശേഷമാണ് കൂടുതൽ സ്ഥലത്തെ പാടങ്ങളിലേക്ക് തുറന്നുവിടുക.

ആവളപാണ്ടിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.പി. പ്രവിത ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. അക്വാകൾച്ചർ പ്രമോട്ടർ ടി.കെ. സുനിൽകുമാർ, കോ-ഓർഡിനേറ്റർ എസ്. നവീൻ, പാടശേഖരസമിതി സെക്രട്ടറി കെ. മൊയ്തീൻ, വൈസ് പ്രസിഡന്റ് വിജയൻ ആവള, അമ്മദ് കുറൂറ എന്നിവർ സംസാരിച്ചു.