നെറ്റ്‌വര്‍ക്ക് വിഷയം പരിഹരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തുക; ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റിന് എംഎസ്എഫ് നിവേദനം നല്‍കി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധക്ക് നിവേദനം നല്‍കി. എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് മുയിപ്പോത്ത് , ട്രഷറര്‍ ഹാഷിം ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.

കോവിഡ് മഹാമാരി മൂലം പഠനം ഓണ്‍ലൈനായി മാത്രം മുന്നോട്ടു പോകുമ്പോള്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, ആവള കാരയില്‍നട, തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.
ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി വീടുവിട്ടു പുറത്തിറങ്ങേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍. പഠനം ഓണ്‍ ലൈന്‍ ആയി മാത്രം മുന്നോട്ടു പോകുന്ന ഈയൊരു സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാകുന്ന ഈയൊരു വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയത്.