നീറ്റ് പരീക്ഷ എഴുതാന്‍ ഫോട്ടോ ഇല്ല; നിസഹായരായ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി പൊലീസ്


കൊയിലാണ്ടി: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാര്‍. പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ഫോട്ടോ ഇല്ലാതിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊലീസിന്റെ ഇടപെടലില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞത്.

കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ കുറുവങ്ങാട് മര്‍കസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ നാല് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് സഹായിച്ചത്. ഈ നാല് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ ഇല്ലാതെയാണ് പരീക്ഷയ്ക്ക് എത്തിയത്.

ഞായറാഴ്ചയായതിനാല്‍ ഇന്ന് കൊയിലാണ്ടിയിലെ സ്റ്റുഡിയോകള്‍ ഒന്നും തുറന്നിരുന്നില്ല. ഇതോടെ നിസഹായരായ വിദ്യാര്‍ത്ഥികള്‍ കൊയിലാണ്ടി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി സി.ഐ എന്‍. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകീരം എസ്.ഐമാരായ എസ്.എസ് ശ്രീജേഷ്, എം.എല്‍ അനൂപ്, വനിതാ പൊലീസ് ഓഫീസറായ ഇ.കെ അനഘ, ജനമൈത്രി പൊലീസ് ഓഫീസര്‍മാരായ കെ.പി സുമേഷ്, ഒ. രാജേഷ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡിയോ തുറക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫറായ ബൈജു എംപീസിനെ സമീപിച്ച് ലാല്‍ പെരുവട്ടൂര്‍, ബാബാസ് ബാബു എന്നീ ഫോട്ടോഗ്രാഫര്‍മാരെ എത്തിച്ചാണ് സ്റ്റുഡിയോ തുറന്നത്. തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഫോട്ടോകള്‍ എടുത്ത് നല്‍കുകയായിരുന്നു.

കൊയിലാണ്ടിയിലെ പരീക്ഷാ കേന്ദ്രത്തില്‍ 240 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതില്‍ 13 പേരൊഴികെ എല്ലാവരും പരീക്ഷയ്ക്ക് ഹാജരായി. കൊവിഡ് ബാധിതരായ രണ്ട് കുട്ടികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ പ്രത്യേക മുറി ഒരുക്കിയിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇവര്‍ പരീക്ഷ എഴുതിയത്.