നീന്തല്‍ കുളത്തിന് ശാപമോക്ഷം; ചെമ്പ്ര കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നീന്തല്‍കുളം അത്യാധുനിക രീതിയില്‍ നവീകരിക്കുന്നു
പേരാമ്പ്ര: ചെമ്പ്ര കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാലങ്ങളായി ഉപയോഗ്യശൂന്യമായി കിടക്കുന്ന നീന്തല്‍ കുളം നവീകരിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരിപ്പിടങ്ങള്‍, ഡ്രസ്സിംഗ് ബാത്ത് തുടങ്ങിയവ ഉള്‍പ്പെടുത്തി ആത്യാധുനിക സൗകര്യങ്ങളോടെ കുളം നവീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
കുളത്തിന്റെ നവീകരണ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും കണ്‍സേണ്ട് ലഭിച്ചാലുടന്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജുമെന്റുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
50 ലക്ഷം രൂപയുടെ ചെലവഴിച്ചാണ് കുളം നവീകരണ പ്രവൃത്തികളാണ് കുളത്തില്‍ ചെയ്യാനുദ്ദേശിക്കുന്നത്. 18 ലക്ഷം രുപ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. ബാക്കി പ്രവൃത്തികള്‍ എന്‍.ആര്‍.ഇ.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുളം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു. കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം സാധ്യമാകും.