നിശ്ചലം, ശൂന്യം, കൊയിലാണ്ടിയിലെ മല്‍സ്യ മേഖലയാകെ സ്തംഭനത്തില്‍; ദുരിതക്കയത്തിലായി കടലോരത്തെ ഒരു കൂട്ടം മനുഷ്യർ


കൊയിലാണ്ടി: ആളും ആരവവും ഉയരുന്ന കൊയിലാണ്ടി ഹാര്‍ബറില്‍ തികഞ്ഞ മൂകത. മാസങ്ങളായി പണിയൊന്നുമില്ലാത്തതിനാല്‍ മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ ആകെ വിഷമ വൃത്തത്തില്‍. ബോട്ടുകളും വഞ്ചികളുമെല്ലാം ഹാര്‍ബറിലും തീരത്തുമായി അടുപ്പിച്ച് കെട്ടിയിട്ടിരിക്കുകയാണ്. ഒരു പണിയുമില്ലാതായിട്ട് മാസങ്ങളായെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. അതിന് മുമ്പെ തന്നെ പണിയൊന്നുമില്ലാത്ത അവസ്ഥയാണ് തൊഴിലാളികള്‍ അനുഭവിച്ചത്. കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രികരിച്ച് വലിയ മല്‍സ്യബന്ധന വളളങ്ങള്‍ക്കൊന്നും പണിയില്ല. 40 മുതല്‍ 50 വരെ തൊഴിലാളികള്‍ പോകുന്ന നാല്‍പ്പതോളം വലിയ വളളങ്ങള്‍ കൊയിലാണ്ടി ഹാര്‍ബറില്‍ ഉണ്ട്. ഇരുപതോളം പേര്‍ പോകുന്ന മീഡിയം വളളങ്ങളും ഹാര്‍ബറില്‍ നൂറോളമുണ്ട്.

രണ്ടും മൂന്നും പേര്‍ക്ക് പോകാവുന്ന ചെറുവളളങ്ങളില്‍ ഇപ്പോള്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നുണ്ട്. പത്ത് മൈല്‍ വരെയൊക്കെ മാത്രമേ ഇവര്‍ പോകാറുളളു. ചെറിയ തോതില്‍ അയലയും, നെത്തോലിയും ചെമ്മിനുമൊക്കെ കിട്ടുന്നുണ്ടെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. ഇന്ധന ചെലവ് കഴിച്ചാല്‍ കാര്യമായ വരുമാനമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ലേലം ഇല്ലാത്തതിനാല്‍ ഹാര്‍ബറില്‍ വെച്ച് തന്നെ സൈക്കിളില്‍ മീന്‍ വില്‍ക്കുന്നവര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

ഹാര്‍ബറില്‍ മീന്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഹാര്‍ബറില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കുന്നില്ല. ഇനി അടുത്ത മാസം ആദ്യത്തോടെ ട്രോളിംങ്ങ് നിരോധനം ഏര്‍പ്പെടുത്തും. അതോടെ കുറച്ച് കാലം കൂടി മല്‍സ്യ മേഖല വറുതിയിലാകുമെന്ന് മല്‍സ്യ തൊഴിലാളികൾ പറയുന്നു.