നിലാവെളിച്ചത്തിലെ നിഴലുകൾ – കീഴരിയൂർ സ്വദേശി ഷാജീവ് നാരായണൻ എഴുതിയ ചെറുകഥ വായിക്കാം


ഷാജീവ് നാരായണൻ

വീടിന്റെ മുറ്റത്തു നിന്നുള്ള വെളിച്ചം പാഷൻ ഫ്രൂട്ട് വള്ളികളെ വകഞ്ഞു തൊടിയിലേക്ക് കടന്ന് നേരിയ നിലാവിൽ അലിഞ്ഞില്ലാതാവുന്നു, കമ്മ്യൂണിസ്റ്റ് പച്ചകളും ചൊറിയണങ്ങളും പാഴ് ചെടികളും നിറഞ്ഞ തൊടിയിൽ വല്ലപ്പോഴും ആരെങ്കിലും പോകുന്ന വഴി.

നല്ല വഴി വേറെ ഉണ്ട്.പക്ഷെ ഈ കാര്യത്തിന് അത്പറ്റില്ലല്ലോ. നിലാവുള്ളതിനാൽ വെള്ള മുണ്ട് ഒഴിവാക്കണമെന്ന് അനുഭവസ്ഥർ പ്രേത്യേകിച്ചു പറഞ്ഞു തന്നിട്ടുണ്ട്. പതിവില്ലാത്ത വസ്ത്രമായ ലുങ്കിയിലും ടീഷർട്ടിലും ആരെങ്കിലും കണ്ടാലും പ്രശ്നമാണ്, വണ്ടി റോഡിൽ ഒതുക്കി വെച്ചതാണ്.

മൊബൈൽ വഴിയാണ് തുടക്കമെങ്കിലും ഈ അവസരത്തിൽ അത് അപകടം ആണെന്നും കേട്ടറിവുണ്ട്. അല്ലെങ്കിലുംആവശ്യത്തിന് വിളിച്ചാൽ കിട്ടാത്തത് കൂടാതെ അസ്ഥാനത്തു കയറി റിംഗ് അടിക്കുന്ന പണി മൊബൈലിനു പണ്ടേ ഉള്ളതാ.മറന്ന് വെച്ച പോലെ വീട്ടിന്റെ ഫ്രിഡ്ജിന് മുകളിൽ വെച്ചത് കൊണ്ട് രണ്ടു കാര്യം ഉണ്ട്.അവിടുന്നുള്ള ഇടക്കിടെയുള്ള വിളിയും ഒഴിവാക്കാം, പക്ഷെ ഈ ഇരുട്ടിൽ ഒരു ഉപകാരമായേനെ. കുറച്ചു നേരമായി ഇരുട്ടിൽ മറഞ്ഞു നിൽക്കുന്നതിനാൽ എല്ലാം ഒന്ന് തെളിഞ്ഞു വരുന്നുണ്ട്, എന്നെ പോലെ ഒരാൾ ആകാശത്തുനിന്നും മറഞ്ഞു കളിക്കുന്നുണ്ട്. ചെറിയ മഞ്ഞു തുള്ളികൾ ഇലയിൽ വീഴുമ്പോൾ ആരോ നടന്നു പോകുമ്പോലെ, കാറ്റ് വീശണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്നു, മഞ്ഞു വീഴുന്നെങ്കിലും എന്നെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഇതുവരെ എന്റെ നെഞ്ചിൽ ഇങ്ങനെ ഒരു ഹൃദയം ഇത്ര ഉച്ചത്തിൽ പിടക്കുന്നുണ്ടെന്ന വിവരം ഞാനറിഞ്ഞിരുന്നില്ല. അവിടുന്നുള്ള അവസാന ലൈറ്റും ഓഫാവണം.അങ്ങിനെയാണ് ധാരണ. എല്ലാം ധാരണകൾ ആണ്.

ഒരു ആളുമാറി കുശാലാന്വേഷണം ഇതുവരെ എത്തുമെങ്കിൽ.
വീട്ടിനടുത്താണെങ്കിലും അന്യോന്യം അറിയുന്നവരാണെങ്കിലും അതുവരെ ഞങ്ങൾ പരസ്പരം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. സുഖമാണോ എന്ന ഒരറ്റ ചോദ്യം, സുഖമാണ് എന്ന അറിയാതെയുള്ള ഉത്തരം, ആളുമാറി എന്നറിഞ്ഞപ്പോൾ തമാശയായി ഒഴിവാക്കേണ്ടതായിരുന്നു, സംസാരിച്ചു കഴിഞ്ഞു ഒരു ഗുഡ് നൈറ്റ് ആണ് പ്രശ്നം ആയത്, ഗുഡ് നൈറ്റ് പിന്നീട് ഗുഡ് മോർണിങ്ങ് ആയി, അത് പിന്നെ എത്ര നേരത്തെ ആര് പറയുന്നു എന്നായി,ലോകത്തെ ഏറ്റവും ചുവന്ന പൂക്കൾക്കായി വാട്സാപ്പ് മുഴുവൻ തിരച്ചിലായി. മൊബൈൽ സ്റ്റാറ്റസുകൾക്ക് പുതിയ മാനങ്ങൾ വന്നു. കവിതവന്നു, ജിബ്രാനെയും നേരൂദയെയും തേടി വഴി മറന്നു പോയ പഴയ വായനശാലയിൽ ചിതലരിച്ചു അലമാര മുഴുവൻ പരതേണ്ടി വന്നു, രാത്രി ഉറക്കാൻ പാട്ടുകൾ, രാവിലെ മഹത് വചനങ്ങൾ, ആകെ ജീവിതം തന്നെ പുതിയ മാനം കൈവന്ന പോലെ.വല്ലപ്പോഴുമുള്ള വിളി പിന്നെ നിത്യേന, സമയം പോകുന്നതറിഞ്ഞില്ല, ഓൺ ലൈൻ ക്ലാസ് ആയതിനാൽ എല്ലാം സൗകര്യം ആയി, കുട്ടികൾക്കുള്ള ക്‌ളാസുകൾ ഞാൻ നേരത്തെ റെക്കോർഡ് ചെയ്തു വെക്കലാണല്ലോ.

വെടിപറച്ചിലുകൾ നേരംപോക്ക്,കള്ളുകുടി എല്ലാം മൊബൈലിലേക്ക്. മൊബൈൽ തലക്ക് വെച്ചു കിടന്നാലെ ഉറക്കം വരൂ എന്ന സ്ഥിതി. ഉറങ്ങുന്നതും ഉറക്കം ഉണരുന്നതും മൊബൈലിൽ.കുറ്റിയിൽ തളച്ച പശു അതിന് ചുറ്റും കറങ്ങുന്ന പോലെ അദൃശ്യ ചങ്ങലയിൽ ബന്ധിക്കപ്പെട്ട അവസ്ഥ.

എത്ര വേഗമാണ് ചെടികൾ മുളക്കാൻ തുടങ്ങിയത്, പറിച്ചെറിയേണ്ട ഒരു പാഴ്ച്ചെടി, പക്ഷെ ഒരല്പം വെള്ളവും വളവും അതിന് എന്തു വേഗമാണ് നൽകിയത്. എത്ര വേഗമാണ് പുതിയ തളിരുകൾ കിളിർത്തത്, മൊട്ടിട്ടത്, പൂക്കൾ സുഗന്ധവാഹികൾ ആയത്. ഒരു വള്ളിയായ് പടരാൻ കൊതിച്ചത്. പ്രതിരോധത്തിന്റെ മതിൽക്കെട്ടിലെ വിള്ളലുകൾ തീർത്തത്.മതിലുകൾ എന്തിനെയാണോ കാക്കേണ്ടത് അതിനെ തന്നെ വിഴുങ്ങുന്നത്.

കൊതു വല്ലാതെ ശല്യം ചെയ്യുന്നു. ഇടവഴിയിലൂടെ ഏതോ തെണ്ടി സിഗരറ്റും പുകച്ചു ആരോടോ ഫോണിൽ കിന്നാരിച്ചു കൊണ്ട് നടന്നു പോയി. മൂക്കിനുള്ളിൽ വല്ലാത്ത അസ്വസ്ഥത. തുമ്മാൻ തുടങ്ങിയാൽ നാടാകെ ഉണരും, സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു മൂക്കും വായയും അമർത്തി പിടിച്ചു.

ഒരു തെരുവ് നായ കുറച്ച് നേരം നോക്കി നിന്ന് ഞാനിതെത്ര കണ്ടതാ എന്ന ഭാവേന ഒന്നും പറയാതെ പോയി. ആദ്യമായി അതിനോട് വല്ലാത്ത ബഹുമാനം തോന്നി.അല്ലെങ്കിൽ ഇതുവരെ കെട്ടിപ്പൊക്കിയ മാന്യതയുടെ കുപ്പായം ഒരൊറ്റ കുരയിൽ കീറി നാശമായേനെ.

വീട്ടിലെ ലൈറ്റ് ഓഫായി. വാഴയിലകളെല്ലാം പ്രേതരൂപങ്ങളായി ഭയപെടുത്താൻ തുടങ്ങി. അടിവെച്ചടിവെച്ച് നടക്കേണ്ടി വന്നു.മുന്നിലെ ഗേറ്റ് വഴി വരരുതെന്ന് പ്രേത്യേകിച്ചു പറഞ്ഞിട്ടുണ്ട്. പിറകിൽ മതിലിൽ കയറാനുള്ള വഴിയും. പതുങ്ങി പതുങ്ങി പിറകിലെ മതിലിൽ കയറി, അടുക്കള വാതിൽ തുറന്നിട്ടിട്ടുണ്ടാവും, മരത്തിന്റെ കൊമ്പ് പിടിച്ചു മെല്ലെ ഇറങ്ങാൻ ആണ് നിർദ്ദേശം, ഞാൻ കൊമ്പ് പിടിച്ചു മെല്ലെ ഇറങ്ങാൻ തുടങ്ങി, പെട്ടന്ന് കൊമ്പ് ഓടിയുന്ന ശബ്ദം, ഞാൻ വലിയ ശബ്ദത്തോടെ താഴോട്ട്.

വീടാകെ പ്രകാശം പരന്നു, ശബ്ദം കേട്ടാവും വെപ്രാളപെട്ട് ശ്രീമതിയും എഴുന്നേറ്റു.

നിങ്ങളോട് എത്ര പറഞ്ഞതാ മനുഷ്യാ,, കള്ളുകുടിച്ചാൽ നിലത്ത് പായ വിരിച്ചു കിടക്കണമെന്ന്.

കട്ടിലിൽ നിന്നുള്ള വീഴ്ചയിൽ കൈക്ക് കടുത്ത വേദന ഉണ്ടായിരുന്നെങ്കിലും ആ വേദനയിലും മനസ്സിന് വല്ലാത്ത ഒരു സുഖവും സമാധാനവും ഉണ്ടായിരുന്നു.ശ്രീമതി ഏതോ വേദന സംഹരി ലേപനം മുതുകിൽ പുരട്ടുന്നുണ്ടായിരുന്നു.
ഞാനവളോട് കിടന്നോളാൻ പറഞ്ഞു. അവളെന്നെ രൂക്ഷമായി നോക്കി. ജീവിതത്തിൽ ആദ്യമായി ഞാനവളോട് ചിരിച്ചു കൊണ്ട് ശുഭരാത്രി ആശംസിച്ചു.അവളെന്നെ അത്ഭുതത്തോടെ നോക്കി തിരിഞ്ഞു കിടന്നു.ഞാൻ മെല്ലെ ജനലിലൂടെ തൊടിയിലേക്ക് നോക്കി.

വീടിന്റെ മുറ്റത്തു നിന്നുള്ള വെളിച്ചം പാഷൻ ഫ്രൂട്ട് വള്ളികളെ വകഞ്ഞു തൊടിയിലേക്ക് കടന്ന്‌ നേരിയ നിലാവിൽ അലിഞ്ഞില്ലാതാവുന്നു.
കമ്യുണിസ്റ്റ് പച്ചകളും ചൊറിയണങ്ങളും പാഴ്ച്ചെടികളും നിറഞ്ഞ വല്ലപ്പോഴും ആരെങ്കിലും പോകുന്ന വഴി.