നിലവാരമില്ലാത്ത ടാറിങ്: റോഡുപണി തടഞ്ഞ് എ.ഐ.വൈ.എഫ്
ചെറുവണ്ണൂര്‍: ആവള മഠത്തില്‍മുക്കില്‍ ആവള ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ് പണി എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവൃത്തി നിര്‍ദിഷ്ടനിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയല്‍. റോഡിന്റെ വശങ്ങളില്‍ ടാറിങ് എളുപ്പം ഇളകിപ്പോകുന്ന നിലയിലാണെന്നും ആവശ്യത്തിന് ടാര്‍ ചേര്‍ക്കാതെയും കനംകുറച്ചുമാണ് റീടാറിങ് നടത്തിയതെന്നും പരാതിയുണ്ട്.
ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയും പഞ്ചായത്ത് എന്‍ജിനിയറും സ്ഥലം സന്ദര്‍ശിച്ച് കരാറുകാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ മഴയില്ലാത്തസമയത്ത് പണി തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് അനുവദിച്ച 15 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഏറെ വൈകിനടക്കുന്നത്. 750 മീറ്ററോളം ഭാഗത്താണ് റീടാറിങ്. ഇതിനിടയില്‍ വരുന്ന കലുങ്കിന്റെ നിര്‍മാണം ആറുമാസം മുമ്പുതന്നെ നടന്നിരുന്നു. എന്നാല്‍ ടാറിങ് അനിശ്ചിതമായി വൈകി മഴതുടങ്ങിയതിനുശേഷം കഴിഞ്ഞദിവസമാണ് തുടങ്ങിയത്.