നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു


എറണാകുളം: നിലമ്പൂര്‍ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പഴ്സണല്‍ സ്റ്റാഫംഗമായിരുന്നു ബിജു.

 

* കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ടത് 2014 ല്‍ ആണ്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തത്.

രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയില്‍ കൊണ്ട് പോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികള്‍ നല്‍കിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണ്.

രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.