നിലപാട് കർശനമാക്കി സർക്കാർ; കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല


തിരുവനന്തപുരം: ഒരു കാരണവുമില്ലാതെ കോവിഡ് വാക്സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആര്‍ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി. ഡിസംബർ 15 ന് രണ്ടാംഘട്ട വാക്സിനേഷൻ പൂർത്തിയാക്കണം.

അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും ഈ നിർദേശം ബാധകമാണ്. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇളവു നൽകും. ഇവർ ചികിൽസാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്കു മുന്നിൽ ഹാജരാക്കണം. കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണ്ടെന്നും യോഗം തീരുമാനിച്ചു.

വാക്സീൻ എടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. രണ്ടാംഡോസ് വാക്സിനേഷൻ ഡിസംബർ 15നകം പൂർത്തിയാക്കണമെന്ന് അവലോകനയോഗം തീരുമാനിച്ചു. വാക്സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും ആർടിപിിസിആർ പരിശോധന നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി.