നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റ്; 5 മന്ത്രിമാരും സ്പീക്കറും ഉൾപ്പടെ പ്രമുഖർ കളത്തിനുപുറത്ത്; കോഴിക്കോട് എ.പ്രദീപ്കുമാറും, കെ.ദാസനും മാറും
കോഴിക്കോട്: തുടർച്ചയായി രണ്ട് തവണ എം.എൽ.എ ആയവർ മത്സരത്തിൽ നിന്നു മാറി നിൽക്കുക എന്ന വ്യവസ്ഥ കർശനമാക്കി സിപിഎം. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ നിലപാട് ആവർത്തിച്ചതോടെ അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ സാധ്യത ഇല്ലാതായി. മറ്റ് 17 എം.എൽഎ മാരുമുണ്ട് രണ്ട് വ്യവസ്ഥയിൽ ഉൾപ്പെടുന്നവർ.
വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റിന്റെ നിലപാട് വിശദമാക്കും. കമ്മിറ്റി അനുമതി കൂടി കിട്ടിയാൽ സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയത്തിലെ പ്രധാനഘട്ടം പൂർത്തിയാവും.
മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, സി. രവീന്ദ്രനാഥ്, എ.കെ. ബാലൻ, സ്പീക്കർ പി. രാമകൃഷ്ണൻ എന്നിവരെല്ലാം രണ്ടുതവണ എന്ന കടമ്പയിൽപ്പെടും. രണ്ടുതവണ തവനൂരിനെ പ്രതിനിധീകരിച്ച മന്ത്രി കെ.ടി. ജലീൽ സി.പി.എം. സ്വതന്ത്രനായാണ് സഭയിലെത്തിയത്. അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കോഴിക്കോട് ജില്ലയിൽ എ.പ്രദീപ് കുമാർ, കെ.ദാസൻ, ജോർജ് എം തോമസ്, പുരുഷൻ കടലുണ്ടി എന്നിവർ രണ്ട് ടേം പൂർത്തിയാക്കിയവരാണ്. അതിൽ പ്രദീപിനും ദാസനും മണ്ഡലത്തിലെ വിജയസാധ്യതകൾ കൂടി കണക്കിലെടുത്ത് ഒരവസരം കൂടി നൽകും എന്ന സൂചനയുണ്ടായിരുന്നു. പാർട്ടി നിലപാട് കടുപ്പിച്ചതോടെ ഇവിടെ പുതിയ പേരുകൾ തേടേണ്ടി വരും.
കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിനെ മാറ്റിയാൽ സംവിധായകൻ രഞ്ജിത്തിനെ തന്നെ വീണ്ടും പരിഗണിക്കാനും സാധ്യതയുണ്ട്. കൊയിലാണ്ടിയിൽ കെ.ദാസൻ മാറേണ്ടി വന്നാൽ എം.മെഹബൂബ്, പി.സതീദേവി എന്നിവരുടെ പേരുകളാണ് ഉയർന്നു വരുന്നത്. മണ്ഡലത്തിനുള്ളിൽ തന്നെയുള്ളവരെ സ്ഥാനാർത്ഥിയാക്കണം എന്ന വികാരം അണികൾക്കിടയിൽ ശക്തമാണ്.
വിവിധ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് സമർപ്പിച്ച നിർദേശങ്ങളാണ് വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.