നിറയെ പ്രതീക്ഷകളുണ്ടായിരുന്നു, വിധി തുണച്ചില്ല; നാടിനെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കി അതുല്‍ യാത്രയായി, കപ്പലപകടത്തില്‍ മരണപ്പെട്ട അതുല്‍ രാജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്


കൊയിലാണ്ടി: കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് നിറയെ പ്രതീക്ഷകളുമായി അതുല്‍രാജ് ജോലിക്ക് പോയത്. ആറ് മാസത്തെ ജോലി കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തണം, സമ്പാദിക്കണം, സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു അതുലിന്. പക്ഷേ വിധി തുണച്ചില്ല. പാതിവഴിയില്‍ ഒരു നാടിനെയും കുടുംബത്തെയും തനിച്ചാക്കി അവന്‍ യാത്രയായി.

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിലാണ് കൊയിലാണ്ടി സ്വദേശി അതുല്‍ മരിച്ചത്. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജിന് 28 വയസായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്റെ വീട്ടിലറിയുന്നത്.

കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനുമായും ഇറാക്കിലെ ഇന്ത്യന്‍ എംമ്പസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.