നിറക്കൂട്ട് ചാര്‍ത്തിയ രാജാവിന്റെ മകനായിരുന്നു; മലയാളത്തെ വിസ്മയിപ്പിച്ച തിരക്കഥാകൃത്ത് ഓര്‍മയായി


കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45 ലേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റെതായുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹത്തിന്റെതായുണ്ട്.

1985-ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി.

മലയാള സിനിമയിലെ മികച്ച പ്രകടനം അദ്ദേഹത്തെ എന്നും ഒന്നാമനാക്കുന്നു. എഴുത്തിന്റെ മായലോകം തീര്‍ത്ത് ലോകത്തോളം വളര്‍ന്ന കലാകാരന്‍ ഇനി ഓര്‍മ മാത്രം..