നിര്‍മ്മാണം പൂര്‍ത്തിയാകാതെ പൈതോത്ത്-താനിക്കണ്ടി-ചക്കിട്ടപാറ റോഡ്; ദുരിതത്തിലായി യാത്രക്കാര്‍


പേരാമ്പ്ര: ഒന്നരവര്‍ഷംമുമ്പ് തുടങ്ങിയ പൈതോത്ത്-താനിക്കണ്ടി-ചക്കിട്ടപാറ റോഡിന്റെ പുനര്‍നിര്‍മാണപ്രവൃത്തി എങ്ങുമെത്താതെ പാതിവഴിയില്‍. കരാര്‍പ്രവൃത്തി എടുത്തയാള്‍ പണി ഉപേക്ഷിച്ചുപോയതായി ആക്ഷേപമുണ്ട്. കിഴക്കന്‍ മലയോരത്തെ പ്രധാന പാതയുടെ പുനര്‍നിര്‍മാണം നിലച്ചത് മേഖലയിലെ യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര വെസ്റ്റ് യു.പി. സ്‌കൂള്‍, ഈസ്റ്റ് എം.എല്‍.പി. സ്‌കൂള്‍, കൂത്താളി പി.എച്ച്.സി., കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെത്തേണ്ടവര്‍ ആശ്രയിക്കുന്ന പാതയാണിത്. നിര്‍മാണത്തിന്റെ ഭാഗമായി റോഡ് പലയിടത്തും മുറിച്ചിട്ടതും നിര്‍മാണസാമഗ്രികള്‍ റോഡില്‍ ഇറക്കിയിട്ടതും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് അപായഭീഷണി ഉയര്‍ത്തുന്നു. 40 വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡാണിത്.

പാത പലയിടത്തും തകര്‍ന്നതുകാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നവീകരണത്തിനായി 10 കോടിയില്‍പ്പരം രൂപ അനുവദിച്ചത്. റോഡുപണി ഇഴഞ്ഞുനീങ്ങിയതുകാരണം അധികൃതര്‍ ഇടപെട്ട് രണ്ടുമാസംമുന്‍പ് പ്രവൃത്തി പുനരാരംഭിച്ചിരുന്നു. എന്നാല്‍, വീണ്ടും പ്രവൃത്തി നിലച്ചു. ഇതോടെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യം അനിശ്ചിതത്വത്തിലായി. രൂക്ഷമായ ഗതാഗതപ്രശ്‌നമാണ് മേഖലയില്‍ ഉള്ളവര്‍ നേരിടുന്നത്. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കൊപ്പം ക്രമാതീതമായ ഇന്ധന വിലക്കയറ്റം കൂടിയായതോടെ യാത്രാക്ലേശം ഇരട്ടിച്ചു.

ഇതിനിടെ പ്രവൃത്തിയില്‍ അപാകമുള്ളതായും ആരോപണം ഉയര്‍ന്നു. റോഡുനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതപ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ഈസ്റ്റ് പേരാമ്പ്ര എ.പി.ജെ. ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. സി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലാച്ചീമ്മല്‍, കെ. സൂപ്പി, പ്രകാശന്‍ പന്തിരിക്കര, അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, പ്രദീപ് ഭരതശ്രീ, ഇബ്രാഹിം പാലാട്ടക്കര, വി. രമേശന്‍ സംസാരിച്ചു.