നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് 4 യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: ലഹരിമരുന്ന് മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ(എംഡിഎംഎ)യുമായി 4 യുവാക്കൾ പിടിയിൽ. മാങ്കാവ് പൊക്കുന്ന് ഭാഗത്ത് വീട്ടിൽ ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പൊലീസും ഡാൻസഫ് സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായത്.

പൊക്കുന്ന് സ്വദേശി മീൻ പാലോടിപറമ്പ് റംഷീദ്(20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്( 27), തിരുവണ്ണൂർ സ്വദശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. വീട്ടിൽ ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ വൈകിയും സജീവമാണെന്നും നാട്ടുകാർ പറയുന്നു. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെയും കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ ഇൻസ്പെക്ടർ യു.ഷാജഹാൻ പറഞ്ഞു.

എസ്ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നുള്ള പരിശോധനയിൽ എഎസ്ഐ സാജൻ പുതിയോട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്, കെ.എച്ച്.ജി.ചന്ദ്രൻ, സിപിഒ വിഷ്ണു, ഡാൻസാഫ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് ഷാഫി എം.സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.അഖിലേഷ്, ജോമോൻ, സിപിഒ എം.ജിനേഷ് എന്നിവർ പങ്കെടുത്തു.