നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ പൊതു മുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. മുയിപ്പോത്ത് വെണ്ണറോഡ് എല്‍. പി. സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി, ക്ലബ്ബ്, സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

10 ലക്ഷം രൂപ ചെലവിലാണ് നിരപ്പം കുന്നിലെ സ്റ്റേഡിയത്തോട് ചേര്‍ന്ന് പൊതു ശൗചാലയം നിര്‍മ്മിച്ചത്. എന്നാല്‍ ജൂലായ് 11 ന് ശൗചാലയത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ക്കെപ്പെട്ടു. നിരപ്പം സ്റ്റേഡിയത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആളുകള്‍ പ്രവേശിക്കുന്നതും ഗ്രാമ പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. ശൗചാലയം തകര്‍ത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, ശ്രീഷ ഗണേഷ്, എന്‍.എം കുഞ്ഞബ്ദുള്ള, എ.കെ.എം രാജന്‍, ടി.വി. ബാബു, കുന്നത്ത് അനിത ടീച്ചര്‍, എന്‍.സി ദാസന്‍, മജീദ് കോറോത്ത്, കെ സിദ്ദിഖ്, എം. പ്രശാന്ത്, സി.എച്ച് പുഷ്പ, പി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.കെ. സുബൈദ സ്വാഗതം പറഞ്ഞു. സര്‍വ കക്ഷികള്‍ അടങ്ങിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി മജീദ് കോറോത്തിനെയും, കണ്‍വീനറായി എ. കെ. എം. രാജനെയും തെരഞ്ഞെടുത്തു.