നിയമസഭാ പരിസ്ഥിതി സമിതി നിയോഗിച്ച വിദഗ്‌ധസംഘം ചെങ്ങോടുമല സന്ദർശിച്ചു


പേരാമ്പ്ര: ചെങ്ങോടുമലയില്‍ നിയമസഭാ പരിസ്ഥിതിസമിതി നിയോഗിച്ച ജൈവവൈവിധ്യസമിതി സന്ദര്‍ശനം നടത്തി. സമരസമിതിയും കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ചെങ്ങോടുമല സന്ദര്‍ശിക്കാന്‍ സംഘത്തെ നിയോഗിച്ചത്.

ഫാറൂഖ്കോളേജ് ബോട്ടണി വിഭാഗം തലവന്‍ ഡോ. കെ. കിഷോര്‍ കുമാര്‍, സി.എം.എഫ്. ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. കെ. അശോകന്‍, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സുവോളജി അസി. പ്രൊഫസര്‍ ഡോ. അബ്ദുള്‍ റിയാസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലെ കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. മഞ്ജു എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, വാര്‍ഡ് അംഗം കെ.പി ദാമോദരന്‍, ടി.ഷാജു, സമരസമിതി നേതാക്കളായ പി.കെ ബാലന്‍, എ.ദിവാകരന്‍ നായര്‍, കൊളക്കണ്ടി ബിജു എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഡെല്‍റ്റ റോക്സ്സ് ഡക്റ്റിന്റെ അപേക്ഷ തള്ളാന്‍ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സമിതി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ സ്ഥലം പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി അപേക്ഷകരുടെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്

അതേസമയം ചെങ്ങോടുമലയിലെ കരിങ്കല്‍ ഖനനത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (സിയ) നേരത്തെ പാരിസ്ഥിതികാനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി (സിയാക്ക്) നല്‍കിയ ശുപാര്‍ശയുടെയും സ്ഥലപരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

സിയാക് റിപ്പോര്‍ട്ടില്‍ ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്. ചെങ്ങോടുമലയില്‍ ഖനനം നടത്തിയാല്‍ പരിസ്ഥിതിക്ക് വലിയ ദുരന്തമുണ്ടാവും. പ്രദേശത്തുകാരുടെ വെള്ളത്തിന്റെ ഉറവിടമാണ് ഈ മല. ഖനനം നടന്നാല്‍ വലിയ ജലദൗര്‍ലഭ്യം നേരിടും.