നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ ജനവിധി ഏപ്രില്‍ ആറിന്‌, മെയ് രണ്ടിന് വോട്ടെണ്ണല്‍


തിരുവനന്തപുരം: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആയിരിക്കും. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ ഒറ്റഘട്ടമായാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.

കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.80 വയസുകഴിഞ്ഞവര്‍ക്ക് തപാലായി വോട്ട് ചെയ്യാമെന്ന സുപ്രധാന പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സേവനം പ്രയോജനപ്പെടുത്താം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാനും അനുവാദമുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെ വോട്ട് ചെയ്യാനാകും.

പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയ്‌ക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രമേ എത്താനാകൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. വീട് കയറി പ്രചരണത്തിന് പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസേനകളെ ആവശ്യാനുസരണം വിന്യസിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും സുനില്‍ അറോറ അറിയിച്ചു. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാനകുന്നത് 30.8 ലക്ഷം രൂപയായിരിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പത്രങ്ങളില്‍ പരസ്യം ചെയ്യണം.

കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇലക്ടഷന്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്കും ശാസ്ത്രഞ്ജര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചത്. ദീപക് മിശ്ര ഐപിഎസ് ആയിരിക്കും കേരളത്തിലെ പൊലീസ് നിരീക്ഷകനെന്നും പ്രത്യേക കേന്ദ്രനിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.