നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരം?; ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടക്കാന്‍ സാധ്യത. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് റംസാന്, വിഷു എന്നീ ആഘോഷങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാകും തീയതി നിശ്ചയിക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
മലപ്പുറം ലോക്സഭാ സീറ്റില്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന് അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘം സംസ്ഥാനത്തെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ജൂണ്‍ ഒന്നിനാണ് നിലവിലെ സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
ഏപ്രില്‍ പകുതിക്ക് മുന്‍പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ പറഞ്ഞു. വിഷു, റംസാന് തുടങ്ങിയ ആഘോഷങ്ങള്‍ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ പരീക്ഷയും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ വരുമെന്ന് കമ്മീഷന് വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ് തയ്യാറെടുപ്പുകളില്‍ തൃപ്തരാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. കേരളത്തേക്കാള്‍ ജനസംഖ്യയുള്ള ബിഹാറില്‍ മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനായി. അതിനാല്‍ കേരളത്തിലും വിജയകരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. പ്രചരണത്തില്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഉണ്ടാകും. വീടുകയറിയുള്ള പ്രചരണത്തിന് അഞ്ച് പേര് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ഇത്തവണ 2.67 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ജനവിധിയെഴുതുക. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിങ് സ്റ്റേഷനുകള്‍ അധികമായി വേണ്ടിവരും. ആകെ പോളിംഗ് സ്റ്റേഷനുകള്‍ 40,000 ആയി ഉയരും. മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് പ്രശ്നബാധിത ജില്ലകളുടെ പട്ടികയിലുള്ളത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, ഡിജിപി, കളക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥരുമായി കമ്മീഷന് സംഘം ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട പതിനഞ്ചസംഘമാണ് കേരളത്തിലെത്തിയത്. കമ്മീഷന് അടുത്തയാഴ്ചയോടെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.