നിയമസഭാ കൈയാങ്കളി: മന്ത്രി ശിവന്‍കുട്ടിയും മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദുമടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി


തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.

കേസില്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു നവംബര്‍ 22ന് പ്രതികളെല്ലാം കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിക്കും.

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.

മുന്‍മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിടുതല്‍ ഹര്‍ജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.