നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചങ്ങരോത്ത് പഞ്ചായത്ത്; പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാസത്തില്‍ ഒരു തവണ കൊവിഡ് ടെസ്റ്റ് നടത്തണം, നോക്കാം വിശദമായി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല. തുടര്‍ച്ചയായ മൂന്ന് ആഴ്ചയായി പഞ്ചയാത്ത് കാറ്റഗറി ഡിയിലാണ് ഉല്‍പ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതല്‍ ആയിനാലാണ് ചങ്ങരോത്ത് ഡി കാറ്റഗറിയില്‍ തുടരുന്നത്. അവശ്യ സര്‍വ്വീസൊഴികെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ അനുവദനീയമല്ല. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ പിഴയും നിയമ നടപടിയുമുണ്ടാകും.
പഞ്ചായത്തില്‍ ടി പി ആര്‍ നിരക്ക് ഉയര്‍ന്ന് കാറ്റഗറി ഡി യില്‍ തുടരാന്‍ കാരണം നിരന്തരമായി ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്നതിനാലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാസത്തില്‍ ഒരു തവണ കൊവിഡ് ടെസ്റ്റ് നടത്തണം. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കോര്‍ കമ്മിറ്റിയില്‍ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ച് ജോലി ചെയ്യുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിച്ചതായും പ്രസിഡന്റ് പറഞ്ഞു.
ചങ്ങരോത്ത് പഞ്ചായത്തില്‍ നിലവില്‍ 166 കൊവിഡ് രോഗികളാണ് ഉള്ളത്. ഇവരില്‍ 10 ആളുകള്‍ വിവിധ ആശുപത്രികളിലും ബാക്കി 156 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് ആളുകള്‍ വരാന്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്നും പഞ്ചയാത്തില്‍ കൊവിഡ് രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്നും പഞ്ചായത്തിലെ ഡി സി സി സെന്റര്‍ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു രോഗിയെ പഞ്ചാത്തിലെ കൊവിഡ് കെയര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മണിക്കുറുകളാണ് എടുത്തത്.
തെരുവില്‍ കഴിയുന്ന കുഞ്ഞിരാമന്‍ എന്ന ആള്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായത്. എന്നാല്‍ പഞ്ചായത്തില്‍ ഡി സി സി സെന്റര്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ മണിക്കുറുകളോളം കാത്തിരുന്ന ശേഷമാണ് രോഗിയെ മണിയൂരിലെ കോവിഡ് കെയറിലേക്ക് മാറ്റിയത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിലെ കൊവിഡ് കെയറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു.
നിലവില്‍ ഇരുപതോളം ആളുകളാണ് പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇവരില്‍ ഭുരിപക്ഷം പേരും മരണപ്പെട്ടത് കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ്. യുവാക്കളും മരണപ്പെട്ടത് ആശങ്കാജനകമാണ്. അതിനാല്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ആവശ്യപ്പെട്ടു.