നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ ഇന്ന് തുറക്കും


കോഴിക്കോട്: ആരാധനാലയങ്ങള്‍ ഭക്തര്‍ക്കായി നിയന്ത്രിതമായ പ്രവേശനാനുമതിയോടെ ഇന്ന് തുറക്കും. കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് 15 പേരില്‍ കൂടാതെ വിശ്വാസികള്‍ക്ക് ആരാധനയ്‌ക്കെത്താം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 16 ശതമാനത്തില്‍ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിലെ ആരാധനാലയങ്ങളാണ് തുറക്കുക.

ലോക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളെത്തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. തുറക്കുന്നതിന്റെ മുന്നോടിയായി ആരാധനാലയങ്ങളും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ചിലയിടങ്ങളില്‍ അണുനശീകരണവും നടത്തി.

പള്ളികളില്‍ ഒരേസമയം 15 പേരില്‍ കൂടാത്തവിധം നിസ്‌കാരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സാധാരണ നിസ്‌കാരങ്ങള്‍ 10-15 മിനിട്ടായിരിക്കും. വെള്ളിയാഴ്ച ജുമാനമസ്‌ക്കാരം പരമാവധി 30 മിനുട്ടായിരിക്കണമെന്നും നിശ്ചയിച്ചതായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. ആളുകള്‍ കൂട്ടംകൂടരുതെന്നും കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് രൂപതയിലെ പള്ളികളില്‍ ഞായറാഴ്ച മുതല്‍ കുര്‍ബാനയും ആരാധനകളും വിശ്വാസികളുടെ സാന്നിധ്യത്തില്‍ പുനരാരംഭിക്കും. ഞായറാഴ്ചകളില്‍ കുര്‍ബാനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ബിഷപ്പ്‌സ് ഹൗസില്‍നിന്ന് അറിയിച്ചു. പല സമയത്തായി, തിരക്കുണ്ടാവാത്തവിധം വിശ്വാസികള്‍ക്ക് പങ്കെടുക്കാം. മറ്റുദിവസങ്ങളിലും പ്രതിദിന കുര്‍ബാനയുണ്ടാവും.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം ഏറെ സ്വാഗതാര്‍ഹമാണെങ്കിലും ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സംബന്ധിച്ച് വ്യക്തത ലഭിച്ചതിനുശേഷമേ സി.എസ്.ഐ. മലബാര്‍ മഹായിടവകയിലെ പള്ളികളിലെ ശുശ്രൂഷകളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ എന്ന് ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടര്‍ അറിയിച്ചു.