നിപ: സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും കര്‍മ്മപദ്ധതി തയ്യാറാക്കി
കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ അവലോകന യോഗവും എന്‍.ഐ.വി സംഘം, വനം വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരുമായുള്ള അവലോകന യോഗവും ഓണ്‍ലൈനായി നടന്നു. കോവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് ടൗണിലും പൊതു സ്ഥലങ്ങളിലും ആള്‍ക്കൂട്ടം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു.
ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങളുള്ളതും റൂം ക്വാറന്റൈനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ കോവിഡ്, നിപ ടെസ്റ്റുകള്‍ നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രണ്ട് മൊബൈല്‍ ലാബുകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഇവയുടെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ശ്രീ.എം.രാജീവന്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ആര്‍.വിദ്യ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍, മൃഗ സംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.കെ.ബേബി, എന്‍.ഐ.വി യില്‍ നിന്നുള്ള ബാറ്റ് സര്‍വ്വേ സംഘം തലവന്‍ ഡോ.മംഗേഷ് ഗോഖലെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.