നിപ; സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും ജാഗ്രതയില്‍, ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നു
വടകര: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ മന്ത്രിമാര്‍ എം.എല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. കണ്ടൈന്‍മെന്റ് സോണുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റ് പ്രതിരോധ സംവിധാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രോഗബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള 4 പേര്‍ക്കും വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നും. ബയോവേസ്റ്റ് ഡിസ്പോസല്‍ കൃത്യമായി നടക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞ ആളുടെ വെന്റിലേറ്ററിലുള്ള കുഞ്ഞ് നിലവില്‍ സ്റ്റേബിള്‍ ആണെന്ന് വിവരം ലഭിച്ചതായി ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ആവശ്യമായ മരുന്നുകള്‍, മാസ്ക്കുകള്‍, പി പി ഇ കിറ്റുകള്‍, എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയതായും മന്ത്രി അറിയിച്ചു. അതോടൊപ്പം ആവശ്യമെങ്കില്‍ രോഗികള്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി നല്‍കണമെന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് രാത്രി തന്നെ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് അവ രോഗികള്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
ജനങ്ങളുടെ ഭയാശങ്ക അകറ്റുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ ഒരു മൊബൈല്‍ ലാബ് കൂടി കോഴിക്കോട് എത്തിയിട്ടുണ്ട്. അവര്‍ക്ക് രണ്ട് ടെസ്റ്റിംഗ് യന്ത്രങ്ങളാണുള്ളത്. ആകെ 192 സാമ്പിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ സാധിക്കും. ഒന്നരമണിക്കൂറിനുള്ളില്‍ റിസള്‍ട്ട് വരും. കണ്‍ഫര്‍മേറ്ററി ടെസ്റ്റ് നടത്തേണ്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ അവരുടെ മൊബൈല്‍ ടീമിനെ കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ട്. അങ്ങനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും, മൊബൈല്‍ ലാബില്‍ നിന്നും പരിശോധിക്കുന്ന സാമ്പിളുകളുടെ റിസള്‍ട്ട് ഉടനെ തന്നെ കണ്‍ഫര്‍മേറ്ററി ടെസ്റ്റ് നടത്തി അറിയാന്‍ കഴിയും.
കണ്ടൈന്‍മെന്റ് സോണിലെ ജനങ്ങള്‍ക്ക് വളണ്ടിയേഴ്സ് വഴി നടത്തേണ്ട സേവനത്തെപ്പറ്റി ബഹു. മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും, ജനങ്ങള്‍ക്ക് ആഹാരം, മരുന്ന് എന്നിവ എത്തിക്കുന്നതിന് വളണ്ടിയര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ തീരുമാനിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ വളണ്ടിയേഴ്സിന് ബാഡ്ജ് കൊടുക്കണം. പോലീസിന്റെ സഹായം ഈ വളണ്ടിയേഴ്സിന് ലഭ്യമാകും.
വ്യാജ വാര്‍ത്തകള്‍ ഒരുകാരണവശാലും പ്രചരിപ്പിക്കാന്‍ പാടില്ല. സിംഗിള്‍ പോയിന്റില്‍ നിന്നും വാര്‍ത്ത കൊടുക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിന്റെ നിരീക്ഷണം ശക്തമാക്കും. രാവിലെയും വൈകിട്ടും പ്രസ്സ് റിലീസ് ഔദ്യോഗികമായി ഉണ്ടാകും. മാസ് മീഡിയ വിഭാഗവും ജില്ലാ മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെട്ട സംവിധാനത്തില്‍ നിന്നാകും പ്രസ് റിലീസ് നല്‍കുക.
കേന്ദ്രത്തില്‍ നിന്നുള്ള മൂന്നു സംഘങ്ങള്‍ എത്തിയിട്ടുണ്ട്. അവര്‍ കണ്ടൈന്‍മെന്റ് സോണിലേക്ക് പോകും. കണ്ടൈന്‍മെന്റ് സോണിലേക്ക് പോകുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ കൂടുന്ന വരേണ്ട സാഹചര്യം ഒഴിവാക്കണം. കണ്ടൈന്‍മെന്റ് സോണില്‍ വീട് വിടാന്തരം സര്‍വ്വേ നടത്തുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളിലായി ഏകദേശം 5600ന് അടുത്ത് വീടുകളില്‍ സര്‍വ്വേ ചെയ്തിട്ടുണ്ട്. പനിയുണ്ടോ, മുന്‍പ് അസ്വാഭാവിക മരണങ്ങള് ഉണ്ടായിട്ടുണ്ടോ എന്ന് അറിയുന്നതിനും, അതോടൊപ്പം മാനസികമായ പിന്തുണയും നല്‍കുന്നതിനാണ് സര്‍വ്വേ.
മുപ്പതാം തീയതി മരിച്ച വ്യക്തിയുടെ ഹൈറിസ്ക് കോണ്ടാക്ട് ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ എടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ഐസിഎംആറുമായുള്ള ചര്‍ച്ചയില്‍ വവ്വാലുകളുടെ പ്രജനനകാലമായ ഏപ്രില്‍ മെയ് മാസം മുതല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസം വരെ ഉള്ള സമയത്താണ് വവ്വാലുകളില്‍ വൈറസ് ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതെന്ന് പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ ഐസിഎംആറിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
നിലവില്‍ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പോലെ പകരുന്ന രോഗമല്ല നിപ്പ. അത്രയും വ്യാപനശേഷിയില്ല. പക്ഷേ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. ഒരാളുടെ സ്രവം മറ്റൊരാളിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടാകുന്നത്. അതുകൊണ്ട് കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്ക് ധരിക്കണം. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും ജാഗ്രതയിലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ മാസ്ക് ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണം.
നിപ രോഗബാധയോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രശ്നങ്ങളും, കള്ളുചെത്ത് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വിശദമായി ചര്‍ച്ച ചെയ്ത് ആശ്വാസനടപടികള്‍ സ്വീകരിക്കും. ഒറ്റക്കെട്ടായി ഈ രോഗബാധയെ നമുക്ക് നേരിടാം. രോഗം പ്രതിരോധിക്കുന്നതില്‍ കാണിക്കുന്ന ഐക്യത്തിനും നല്കുന്ന പിന്തുണയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് , വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ , കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എ, ടി പി രാമകൃഷ്ണന് എംഎല്‍എ, ഇ കെ വിജയന് എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, പിടിഎ റഹീം എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍എച്ച്എമ്മിന്റെ സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, കെഎംസിഎല്ലിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.