നിപ സംശയം; മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്തും, പരിശോധനാഫലം വൈകുന്നേരത്തോടെ, ഇപ്പോള്‍ ചെയ്യുന്നത് മുന്നൊരുക്കങ്ങള്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കോഴിക്കോട്: കോഴിക്കോടു നിന്നും നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും അറിയിച്ചു. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിലാകെ ജാഗ്രത തുടരുകയാണ്. ഇന്നലെയാണ് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചത്. പ്രാഥമികമായ പരിശോധനകള്‍ ഇവിടെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചു.അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്. മരിച്ച രണ്ടുപേരും ആശുപത്രിയില്‍ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
നിപയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് കാറ്റഗറി ചെയ്യണം. ആ പ്രവര്‍ത്തനം നടക്കുകയാണ്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെയാണ് ലഭ്യമാവുക. മരിച്ച വ്യക്തികളുടെ പ്രദേശത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ പനിയുടെ സാഹചര്യത്തെ കുറിച്ചും, മുമ്പ് അസ്വാഭാവിക പനിമരണങ്ങളുണ്ടായോയെന്നും പരിശോധിക്കും. അതേസമയം ഇന്നലെ മരിച്ചയാളുടെ മൃതദേഗം പരിശോധന ഫലം വന്ന ശേഷം മാത്രമേ സംസ്കരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
മരിച്ചയാളുടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെയും ഇന്നലെ മരിച്ച ആളുടെയും ഉൾപ്പെടെ നാല് സാംപിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.