നിപ സംശയം; കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം


കോഴിക്കോട്: അസ്വാഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദേശമുണ്ട്. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇന്ന് വൈകുന്നേരം പൂനെ വൈറോളജി ലാബില്‍ നിന്നും ഫലം വന്നശേഷമേ രോഗബാധ സംബന്ധിച്ച സ്ഥിരീകരണമാകൂ. നിലവില്‍ മുന്‍കരുതല്‍ എന്ന നിലയിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ പതിനാറ് കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

രണ്ട് മണിക്ക് കുറ്റ്യാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കുറ്റ്യാടിയിലെയും നാദാപുരത്തെയും എം.എല്‍.എമാര്‍ എന്നിവരുടെ സംഘം ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.