നിപ വൈറസ്: 16 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ലക്ഷണങ്ങള്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരം; കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെ കുറിച്ചുള്ള ആശങ്കയൊഴിയുന്നു. പരിശോധനയ്ക്ക് അയച്ച 16 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുവരെ 46 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാഫലങ്ങള്‍ ഇനി വരാനുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ എട്ടുപേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിപുലമായ വിവരശേഖരണമാണ് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയത്.
4995 വീടുകളിലത്തി വിവരങ്ങള്‍ ശേഖരിച്ചു. കോഴിക്കോട് താലൂക്കില്‍ നിപ കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസിന്റെ ഉറവിടം തിരിച്ചറിയാനായി എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള സംഘം നാളെ കോഴിക്കോട് എത്തും. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എന്‍.ഐ.വി തലവന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു.