നിപ വൈറസ്: വില്ലന്‍ റമ്പൂട്ടാനോ? സാമ്പിളുകള്‍ ശേഖരിച്ചു; കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നു
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ വീട് കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. സംഘത്തിന്റെ സന്ദര്‍ശനം മുന്നൂരില്‍ പുരോഗമിക്കുകയാണ്.
മരിച്ച കുട്ടി റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസിന്റെ ഉറവിടം റമ്പൂട്ടാന്‍ പഴമാണോ എന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ചാത്തമംഗലം സ്വദേശിയായ കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയുടെ എല്ലാ പരിശോധനാഫലങ്ങളും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഒന്നാം തിയ്യതിയാണ് കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 150 ലേറെ ആളുകളെ നിരീക്ഷണത്തിലാക്കുകയും കുട്ടിയുടെ വീട് ഉള്‍പ്പെട്ട വാര്‍ഡ് പൂര്‍ണ്ണമായും അടയ്ക്കുകയും നാല് വാര്‍ഡുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്, ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട് എത്തിയിട്ടുണ്ട്. രോഗനിയന്ത്രണത്തിനായി എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.