നിപ വൈറസ് പ്രതിരോധത്തിനായി ഓടിയെത്തി ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയത് മുപ്പതോളം പ്രവര്‍ത്തകര്‍ (വീഡിയോ)


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധികാരികള്‍ക്കുമൊപ്പം നിപയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന് നില്‍ക്കുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ച ‘നിപ വാര്‍ഡി’ന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ വളണ്ടിയര്‍മാര്‍ പങ്കാളികളായത്. ജില്ലയില്‍ മുമ്പ് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോഴും മുന്‍നിരയിലുണ്ടായിരുന്നു ഡിവൈഎഫ്‌ഐ.

കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്‌തെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ടിരുന്നു. നിപ വാര്‍ഡ് സജ്ജീകരിക്കേണ്ടതുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ വളണ്ടിയര്‍മാര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കാലത്ത് പതിനൊന്ന് മണിമുതല്‍ ആരംഭിച്ച ശുചീകരണ പ്രവൃത്തികള്‍ വെകീട്ട് നാല് മണിയായപ്പോഴാണ് അവസാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാര്‍ഡ് വൃത്തിയാക്കിയതും കട്ടില്‍ കിടക്ക തുടങ്ങിയ സജ്ജീകരണങ്ങളൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കോവൂര്‍ മേഖല കമ്മിറ്റിയുടെയും മെഡിക്കല്‍ കോളേജ് മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടന്നത്. കോഴിക്കോട് നഗരത്തിലുള്ള മുപ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 2018 ലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഡിവൈഎഫ്‌ഐ പങ്കാളികളായിരുന്നു.

വീഡിയോ കാണാം