നിപ വൈ​റ​സിന്റെ ആ​ൻ​റി​ബോ​ഡി സാ​ന്നി​ധ്യം; ജില്ലയില്‍ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലെത്തി വിവരശേഖരണം തുടങ്ങി


കോഴിക്കോട്: ജി​ല്ല​യി​ൽ ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ നി​പ സ്ഥി​രീ​ക​രി​ക്കു​ക​യും വ​വ്വാ​ലു​ക​ളി​ൽ നിപ വൈ​റ​സിന്റെ ആ​ൻ​റി​ബോ​ഡി സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് പ​ഠ​നം തു​ട​ങ്ങി. വ​വ്വാ​ലു​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ എ​വി​ടെ​യൊ​ക്കെ​യാ​ണ് വ​വ്വാ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്നും ഏ​തി​ന​മാ​ണെ​ന്നും എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്നും ഇ​വ എ​ത്ര​കാ​ല​മാ​യി പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​നി​യും നി​പ സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന വി​ധം വ​നം​വ​കു​പ്പ് ഇ​വ സൂ​ക്ഷി​ക്കും. ആ​വ​ശ്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ഇ​വ ല​ഭ്യ​മാ​ക്കു​ക​യും തു​ട​ർ​പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് സ​ർ​വേ ന​ട​ത്തു​ന്ന​ത്.

മാ​വൂ​ർ തെ​ങ്ങി​ല​ക്ക​ട​വി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ത കി​ട​ക്കു​ന്ന കാ​ൻ​സ​ർ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​വി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചെ​റി​യ ഇ​നം വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. പ്രാ​ണി​ക​ളെ ഭ​ക്ഷി​ക്കു​ന്ന വ​വ്വാ​ലു​ക​ളാ​യ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡോ. ​അ​രു​ൺ സ​ക്ക​രി​യ പ​റ​ഞ്ഞു

ഏ​താ​നും വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വ​നം​വ​കു​പ്പിന്റെ വ​യ​നാ​ട്ടി​ലെ ലാ​ബി​ൽ പ​രി​ശോ​ധി​ക്കും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഫോ​ട്ടോ​ഗ്രാ​ഫ​റെ ഉ​പ​യോ​ഗി​ച്ച് വ​വ്വാ​ലു​ക​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ന്നു​ണ്ട്. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കൂളിമാട്​ ഭാഗങ്ങളിൽനിന്നും വവ്വാലുകളെ പരിശോധനക്ക്​ പിടികൂടി.