നിപ വീണ്ടും വരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ


കോഴിക്കോട്: നിപ വീണ്ടുംവരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അന്നേ പറഞ്ഞിരുന്നെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെപെട്ടെന്ന് ഇടപെട്ട് പ്രതിരോധം തീര്‍ത്താന്‍ നിപ വ്യാപനം തടയാനാവുമെന്നും ശൈലജ മാധ്യമങ്ങളോടു പറഞ്ഞു.

കോവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളും ശ്രദ്ധയും സ്വീകരിക്കുന്ന സമയമായതുകൊണ്ടുതന്നെ നിപ അധികം വ്യാപിക്കാതെ നോക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശൈലജ വ്യക്തമാക്കി.

നിപ വരുമെന്ന് മുന്നില്‍കണ്ട് എല്ലാവര്‍ഷവും ഒരു മോക്ക് ഡ്രില്‍ നടത്താറുണ്ട്. ആ മോക്ക് ഡ്രില്ലാണ് കോവിഡ് വന്നയുടനെ തന്നെ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാക്കി തന്നതെന്നും അവര്‍ പറഞ്ഞു.

നേരത്തെ നിപ റിപ്പോര്‍ട്ടു ചെയ്ത സമയത്ത് ഒരു വലിയ ടീമാണ് അത് കൈകാര്യം ചെയ്തത്. ആരോഗ്യവകുപ്പിലെ എല്ലാവിഭാഗവും ഒത്തുചേര്‍ന്ന് ഒരു വണ്‍ഹെല്‍ത്ത് സമീപനമാണ് അന്ന് സ്വീകരിച്ചത്. ഇപ്പോഴും നിപ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോടേക്ക് പുറപ്പെട്ടു. അവിടെ യോഗങ്ങളൊക്കെ നടക്കുന്നുണ്ട്. സാധാരണ ചെയ്യുന്ന രീതിയിലുള്ള ഒരുക്കങ്ങള്‍ മെഡിക്കല്‍ കോളേജിലും നടക്കുന്നതായാണ് അറിയുന്നതെന്നും അവര്‍ അറിയിച്ചു.