നിപ വിവരങ്ങള്‍ ഇനി തല്‍സമയം ആരോഗ്യവകുപ്പിന് ലഭ്യമാകും; ഇ – ഹെല്‍ത്ത് റിയല്‍ ടൈം നിപ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ പുറത്തിറക്കി


കോഴിക്കോട്: നിപ വിവരങ്ങള്‍ തല്‍സമയം ആരോഗ്യവകുപ്പിനു ലഭ്യമാക്കാന്‍ തയാറാക്കിയ ഇ- ഹെല്‍ത്ത് റിയല്‍ ടൈം നിപ്പ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ഫീല്‍ഡ് തല സര്‍വേയ്ക്ക് പോകുന്നവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാം. ആരോഗ്യവകുപ്പിനു മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി വകുപ്പാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഭാവിയില്‍ എല്ലാ സാംക്രമികരോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.ജയശ്രീ, ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ആര്‍ വിദ്യ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍.രാജേന്ദ്രന്‍, ഡിപിഎം ഡോ.എ.നവീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ്‌റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ അവലോകനയോഗവും നടത്തി.

ജില്ലയില്‍ രണ്ടാംതവണയും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദമായ ഗവേഷണം നടത്തുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മസ്തിഷ്‌ക ജ്വരബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കും. വവ്വാലുകളെക്കുറിച്ച് വിശദമായ പഠനം നടത്തും. ഇതു സംബന്ധിച്ച് വനംവകുപ്പുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.