നിപ ലക്ഷണമുള്ള രണ്ടുപേരും ആരോഗ്യപ്രവര്‍ത്തകര്‍: സമ്പര്‍ക്കപട്ടികയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും ആരോഗ്യ പ്രവര്‍ത്തകര്‍. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്.
188 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കിലെ ഒമ്പതുപേരും സ്വകാര്യ ആശുപത്രിയിലെ ഏഴുപേരും മെഡിക്കല്‍ കോളേജിലുള്ളവരും സമ്പര്‍ക്ക പട്ടികയിലുള്ളത്.
20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. കുട്ടിയെ ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഐസൊലേഷനില്‍ പ്രവേശിക്കും.
അതിനിടെ, മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടി സഞ്ചരിച്ച വാഹനം അടക്കം ഉള്‍പ്പെടുത്തിയാണ് റൂട്ട് മാപ്പ് തയ്യാറാക്കുക. കുട്ടിയുമായി സമ്പര്‍ക്കത്തില്‍വന്നവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടും.
27ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്നത്. ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പോയിട്ടുണ്ട്.
വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് ( വാര്‍ഡ് 9 ) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു.