നിപ രക്തസാക്ഷിയായ ചെമ്പനോട സ്വദേശിനി സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്; വീട് സന്ദര്‍ശിച്ച് എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍, അനുസ്മരിച്ച് പ്രമുഖര്‍


പേരാമ്പ്ര: ‘ഇന്ത്യയുടെ ഹീറോ’. ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും ലിനിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 2018 ല്‍ പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനിയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കുണ്ടോ എന്ന് സംശയമാണ്. നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാലാണ്ട് തികയുകയാണ്.

പേരാമ്പ്രയില്‍ ആദ്യമായി നിപ വൈറസ് ബാധിച്ച മുഹമ്മദ് സാബിത്തിനെ രാത്രി മുഴുവന്‍ പരിചരിച്ചത് താലൂക്ക് ആശുപത്രിയിലെ ദിവസ വേതനക്കാരിയായിരുന്ന ലിനിയായിരുന്നു. മാരകമായ വൈറസ് ആണെന്ന് അറിയാത്തതിനാല്‍ ലിനി മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ലിനിക്കും നിപ വൈറസ് ബാധിക്കുകയായിരുന്നു.

സാബിത്ത് മരണത്തിന് കീഴടങ്ങി ദിവസങ്ങള്‍ക്കകം സമാനമായ രോഗലക്ഷണങ്ങള്‍ തനിക്കുമുള്ളതായി ലിനി മനസിലാക്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിനിയെ പ്രവേശിപ്പിച്ചു. നിപയുടെ ഭീകരത തിരിച്ചറിഞ്ഞ ലിനി, തന്നെ പ്രത്യേക സുരക്ഷാ വാര്‍ഡിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്ന് രാവിലെ ലിനി മരണത്തിന് കീഴടങ്ങി. മരണക്കിടക്കയില്‍ കിടന്ന് ലിനി തന്റെ ഭര്‍ത്താവിന് എഴുതിയ കുറിപ്പ് ഏവരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.

ഇന്ത്യയുടെ ഹീറോ സിസ്റ്റര്‍ ലിനിയെ നിരവധി പേരാണ് അനുസ്മരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, നിപ വൈറസ് ബാധയുടെ സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ലിനിയുടെ വീട് സന്ദര്‍ശിച്ച് മക്കളായ സിദ്ധാര്‍ത്ഥിനെയും റിതുലിനെയും കണ്ടു.

ടി.പി.രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ മനസ്സിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മനുഷ്യ സ്‌നേഹിയുടെ മുഖം. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍…
കഴിഞ്ഞദിവസം ലിനിയുടെ വീട്ടില്‍ പോയി സിദ്ധാര്‍ഥിനെയും റിതുലിനെയും കണ്ടു.

വീണാ ജോര്‍ജ്ജ്

നിപക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

കെ.കെ.ശൈലജ

മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നല്‍കിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്.
ഇപ്പോഴും നാം പൂര്‍ണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ എന്നും പ്രചോദനമാവും.
സ്വന്തം ജീവന്‍ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന സിസ്റ്റര്‍ ലിനിയുടെ ഓര്‍മ പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൂടെ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുന്നു…
സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…