നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന: ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു; കാട്ടുപന്നിയുടെ സാമ്പിളും പരിശോധിക്കും
കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ട് വയസുകാരന്‍ നിപ സ്ഥിരീകരിച്ച് മരിച്ച സംഭവത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് പ്രദേശത്തെത്തി പരിശോധന തുടങ്ങി.
കുട്ടിക്ക് രോഗം ബാധിക്കുന്നതിനു മുമ്പ് വീട്ടിലെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വരികയും കുട്ടി അതിനെ പരിചരിക്കുകയും ചെയ്തിരുന്നു. ഈ ആടിന്റെ സ്രവം മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
വീട്ടിലെ എല്ലാ മൃഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുക്കും. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. അതിനാല്‍ കാട്ടുപന്നിയെ പിടികൂടി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് വനംവകുപ്പിന്റെ അനുമതി വാങ്ങും.
വവ്വാലുകളുടെ സാന്നിധ്യമുള്ളതിനാല്‍ അവയുടെ സാമ്പിളുകള്‍കൂടി പരിശോധനയ്ക്കായി അയക്കും.