നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്കും പനി; മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ കുട്ടിയുടെ അമ്മയ്ക്കും പനി. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അസാധാരണമായിട്ട് ആര്‍ക്കെങ്കിലും പനി ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരത്തെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. 188 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കിലെ ഒമ്പതുപേരും സ്വകാര്യ ആശുപത്രിയിലെ ഏഴുപേരും മെഡിക്കല്‍ കോളേജിലുള്ളവരും സമ്പര്‍ക്ക പട്ടികയിലുള്ളത്.
20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. കുട്ടിയെ ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഐസൊലേഷനില്‍ പ്രവേശിക്കും.