നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ പതിനേഴ് പേര്‍


കോഴിക്കോട്: കോഴിക്കോട് മരിച്ച പന്ത്രണ്ടു വയസ്സുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍. പതിനേഴ് പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ച് പേര്‍ കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള അഞ്ച് പേര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്തി വ്യക്തമാക്കി.

പനിയെ തുടര്‍ന്ന് കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി സെപ്റ്റംബര്‍ ഒന്നാം തിയ്യതി കുട്ടിയെ കോഴിക്കോട് മിംസ് മ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തുമ്പോള്‍ കുട്ടിക്ക് 104 ഡിഗ്രി ആയിരുന്നു പനി. പിന്നാലെയാണ് കുട്ടിക്ക് അപസ്മാരം, ഛര്‍ദ്ദി അനുഭവപ്പെട്ടത്. അബോധവസ്ഥയിലായിരുന്ന കുട്ടി ആറു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതദേഹം മിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാവൂരിലെ മുന്നൂര് എന്ന സ്ഥലത്താണ് കുട്ടിയുടെ സ്വദേശം. കുട്ടിയുടെ വീട് ഉള്‍പ്പെടുന്നു മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കോഴിക്കോട് സിറ്റി പോലീസ് പൂര്‍ണ്ണമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ആ ഭാഗത്തേക്ക് ഒരു വാഹനവും പോകാന്‍ പോലീസ് ഇപ്പോള്‍ അനുവദിക്കുന്നില്ല. ഇന്നലെ രാത്രി തന്നെ പോലീസ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.