നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി


കോഴിക്കോട്: നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്‌.

കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ ഇതുവരെ സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. കോർപ്പറേഷനിലെ ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഓഗസ്റ്ററ് 30 ന് മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നയാളാണിത്. രോഗിയായ ബന്ധുവിനൊപ്പം കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് കുറ്റ്യാടിയിലെ നിപ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.

നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീടും പരിസരവും സംഘം സന്ദര്‍ശിച്ചു. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യകതി പോയിരിക്കാന്‍ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദര്‍ശിച്ചു. വീടിന് സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങള്‍ ഉള്‍പ്പെടെ സംഘം നിരീക്ഷണം നടത്തി.