നിപ: കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചു


കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ത്തി വെക്കും. 48 മണിക്കൂര്‍ നേരത്തേക്കാണ് വാക്‌സിനേഷന്‍ നിര്‍ത്തിവെക്കുകയെന്ന് ആരോഗ്യമന്തി വീണ ജോര്‍ജ് പറഞ്ഞു. പനിയോ അനുബന്ധ ലക്ഷണങ്ങളോ ഉള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്താമെന്നും മന്ത്രി അറിയിച്ചു.

ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് നിപ ബാധിച്ച് മരിച്ചത്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 251 പേരാണുള്ളത്. ഇതില്‍ 32 പേരാണ് ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.